Tuesday, May 4, 2010

പൈവളികെ...

തലക്കെട്ട് കണ്ട് കാസര്‍കോഡുകാരല്ലാത്ത ഒരു മാതിരി എല്ലാരും ഇതെന്തപ്പാ കുന്തം എന്ന് മിഴിച്ചു കാണും.. അധികം മിഴിച്ച് ബുദ്ധിമുട്ടണ്ട, ഇത് കാസര്‍കോഡ് ജില്ലയിലെ ഒരു ഗ്രാമമാണ്.. ഞാനെന്തിനാ കര്‍ണാടകവിശേഷങ്ങളില്‍ കേരളത്തിലെ ഗ്രാമത്തെക്കുറിച്ചെഴുതുന്നേ എന്നാണോ സംശയം? സംശയിക്കണ്ട.. എനിക്കീ‍ സ്ഥലം കര്‍ണാടകത്തിലാണ്..എന്നുവച്ചാല്‍ അവിടെ എന്റെ നാത്തൂന്റെ വീടുണ്ട്.. ഏട്ടന്റെ രണ്ടാമത്തെ ചേച്ചിയുടെ വീട്..(അഞ്ചാമത്തെ ചേച്ചി എന്നു പറഞ്ഞാലും തെറ്റില്ല..കാരണം ഏട്ടന്റെ അച്ഛന്‍ ആദ്യം വിവാഹം കഴിച്ച അമ്മയില്‍ മൂന്ന് പെണ്ണും ഒരാണുമായി നാലു മക്കള്‍ വേറെയുമുണ്ട്.. അവരുടെ മരണ ശേഷമാണ് ഏട്ടന്റെ അമ്മയെ വിവാഹം കഴിക്കുന്നത്. 39 വയസോ മറ്റോ പ്രായവ്യത്യാസമുണ്ട് അമ്മയും അച്ഛനും തമ്മില്‍.. മാത്രവുമല്ല, അമ്മയേക്കാള്‍ പ്രായം കൂടിയവരായിരുന്നു ആ നാലു മക്കളില്‍ പലരും..)
എന്തായാലും ഏട്ടന്റെ ഒരു ചേച്ചി കാസര്‍കോഡുണ്ടെന്ന് മനസിലായല്ലോ.. പേര് മഹോദരി എന്നായിരുന്നു..മോദുരി എന്ന് വിളിക്കും... വിവാഹശേഷം ഭര്‍തൃവീട്ടുകാര്‍ക്ക് ആ പേര് ഇഷ്ടമാവാത്തതിനാല്‍ മധുര എന്നാക്കി മാറ്റി...( ഇതവടത്തെ സ്ഥിരം കലാപരിപാടി ആണെന്ന് തോന്നുന്നു.. എന്റെ പേരും മാറ്റി.. നയന എന്നാണ് അവിടത്തെ ശാസ്ത്രീയനാമം..)
മധുര ചേച്ചിയുടേത് കൂട്ടുകുടുംബമാണ്..വളരെ യോജിപ്പില്‍ തന്നെ ഇന്നും കഴിയുന്ന കുടുംബം.. കേരളത്തിലാണ് താമസമെങ്കിലും മലയാളികളായല്ല, കന്നഡികരായാണ് അവര്‍ ജീവിക്കുന്നത്. മലയാളവും വശമില്ല.. ചേച്ചിയുടെ ഭര്‍ത്താവ് കഷ്ടപ്പെട്ട് ഒന്നു രണ്ടു തവണ എന്നോട് മലയാളത്തില്‍ സംസാ‍രിക്കാന്‍ ശ്രമിച്ചു.. കന്നഡ മതിയെന്ന് പറഞ്ഞ് സമാധാനിപ്പിക്കേണ്ടി വന്നു...

പറയാന്‍ വന്നത് അവരുടെ വീടിനെക്കുറിച്ചാണ്..പൈവളികെ എന്ന മനോഹരമായ ഗ്രാമത്തില്‍ (സാധാരണ രീതിയിലുള്ള മനോഹാരിത തന്നെയേ ഉള്ളൂട്ടോ. ഞാനൊരു കാവ്യഭംഗിക്ക് വേണ്ടി പറഞ്ഞതല്ലേ) മൂന്നാലു കുന്നുകള്‍ക്കിടയിലാണ് ഇവരുടെ വീട്.. പഴയ തറവാടാണ്.. നാലുകെട്ടൊന്നുമല്ല ട്ടോ...കര്‍ണാടക സ്റ്റൈല്‍ വീട് തന്നെ...

ഞാന്‍ കല്യാണത്തിനു ശേഷം ആദ്യമായി അവിടെ പോയത് രാത്രിയിലായിരുന്നു..ഇവിടെ നിന്ന് ബസ് മാറിക്കേറി മാറിക്കേറിയാണ് പോയത്.. അതും ഒരു തെറ്റില്ലാത്ത അനുഭവം..എന്തായാലും എത്തിയപ്പോ രാത്രി ഏതാണ്ട് 9.30.... ഓ.. ഇതാണോ ഇത്ര വലിയ രാത്രി എന്നു ചോദിക്കാന്‍ വരട്ടെ.. ആ വീട്ടിലേക്കുള്ള വഴി കണ്ടിട്ടാവാം ചോദ്യം.. ഉപ്പളയില്‍ നിന്ന് ജീപ്പിലാണ് പോയത് എന്നാണോര്‍മ.. കാരണം ബസിന്റെ സമയം ഒക്കെ കഴിഞ്ഞിരുന്നു.. പൈവളികെ എന്ന് സ്ഥലത്തിറങ്ങി.. ഒരു കുന്നിന്റെ മുകളിലാണ് ഇറങ്ങിയത്.. കുറച്ച് പാറകളും ചെറിയ കുറ്റിച്ചെടികളും ഒക്കെ കണ്ടു.. കുന്നാണെന്ന് പിന്നീടാണ് മനസിലായേ ട്ടോ...എങ്ങോട്ടോ ചൂണ്ടി ഏട്ടന്‍ പറഞ്ഞു ‘ആ വഴിയേ പോണം’ ന്ന്.. വഴിയൊന്നും ഞാന്‍ കണ്ടില്ല.. നല്ല ഇരുട്ട്.. ടോര്‍ച്ചൊന്നും ഇല്ല.. അന്നത്തെ കാലമായോണ്ട് മൊബൈലും ഇല്ല.. ഒരൂഹം വച്ച് അങ്ങ് നടക്കുക തന്നെ..കുറച്ചു ദൂരം മണ്ണിലൂടെത്തന്നെയാണ് നടന്നത്... പിന്നെ അങ്ങു താഴെ ചെറിയ ഒരു മൂട്ടവിളക്ക് ചൂണ്ടിക്കാണിച്ച് പറഞ്ഞു,’ അതാ ചേച്ചീടെ വീട്’.. പിന്നെ കുന്നിറക്കം.. വഴി എന്നത് വെറും സങ്കല്പം.. ചരല്‍ നിറഞ്ഞ വഴി.. കല്യാണം പ്രമാണിച്ച് എന്റെ സ്ഥിരം പാരഗണ്‍ ഹവായ്ക്ക്  അവധി കൊടുത്ത് വാങ്ങിയ ഗ്രിപ്പില്ല്ലാത്ത സുന്ദരിച്ചപ്പല്‍ ‘ഞാനിപ്പോ വീഴും ഞാനിപ്പോ വീഴും ‘ എന്ന് പേടിപ്പിക്കുന്നു..പോരാത്തേന് സാരിയും.. ഇന്ന് പോലും നേരാം വണ്ണം സാരിയുടുക്കാന്‍ എനിക്കറിഞ്ഞൂടാ.. എന്നിട്ടാണ് അന്ന്.. കൂനിന്മേല്‍ പഴുപഴുത്ത കുരുവായി വലിയ ഒരു ബാഗും... സ്കിഡ് ചെയ്താണ് ചില സ്ഥലങ്ങള്‍ ഒക്കെ ഇറങ്ങിയത്.. പെട്ടെന്ന് എത്തിയേക്കും എന്ന് തോന്നിയിരുന്നു പലപ്പോഴും.. വഴില്ലാ വഴിയിലൂടെ നിരങ്ങിയും വഴുതിയും എങ്ങനെയോക്കെയോ എത്തി.. ആ വീടടക്കം മൂന്നോ നാലോ വീടുകളേ അവിടെ ഉള്ളൂ.. എന്ന് വച്ചാല്‍ ആ കുന്നിന്‍ ചോട്ടില്‍ എന്നര്‍ഥം...
വീടിനു പിന്നിലും കുന്നാണ്.. സൈഡിലും... മൂന്നു നാലു കുന്നുകള്‍ക്കിടയില്‍ കുറച്ച് വീടുകള്‍...
ഈ വീട്ടിലേക്ക് വെള്ളം വരുന്ന രീതിയാണ് മനോഹരം.. മുറ്റത്തുള്ള രണ്ട് കുഴികളില്‍ നിന്നാണ് വീട്ടിലേക്കുള്ള വെള്ളം എടുക്കുന്നത് എന്നത് ആദ്യം തന്നെ ശ്രദ്ധിച്ചു.. ആ വെള്ളത്തിന്റെ ഉറവിടം കാണാനായി ഞങ്ങള്‍ ബാക്കിലുള്ള കുന്നു കയറിപ്പോയി.. കുന്നിന്റെ ഏതാണ്ട് മുക്കാല്‍ ഭാഗമെത്തിയപ്പോ ഉള്ളിലേക്ക് ഒരു ചാല്.. അതിലൂടെ നടന്നു.. ഉള്ളില്‍ നല്ല തണുപ്പ്.. കുന്നു തുരന്നുണ്ടാക്കിയ പോലെ ഒരു സ്ഥലം..വീതിയില്ല.. പക്ഷേ രണ്ടു മൂന്നാള്‍ക്ക് നില്‍ക്കാം.. അവിടെ ഉറവയുണ്ട്... നല്ല കണ്ണീരുപോലത്തെ വെള്ളം.. അത് ചാലിലൂടെ അല്പം ഒഴുകുന്നു.. അത് ഇത്തിരി കെട്ടി നിര്‍ത്തി വീട്ടിലേക്കെത്തിക്കുന്നു.. അതും വളരെ നാച്വറല്‍ ആയിട്ട്... കമുക് എന്ന അടക്കാമരം ഇല്ലേ, അത് നീളത്തില്‍ പകുതിയാക്കി വെട്ടി അല്പം തുരന്ന് വെള്ളം പോകാനുള്ള കുഴലാക്കും.. അത് കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ വക്കും...ഇതിലൂടെ വെള്ളം ഒഴുകി വരും .. ഒരു കമുകിന്‍ പൈപ്പ് അവസാനിക്കുമ്പോ മറ്റൊന്ന് അതിനടിയില്‍... അങ്ങനെ താഴെ വരെ... കണക്റ്റ് ചെയ്ത് കണക്റ്റ് ചെയ്ത്... ഈ വെള്ളം വീട്ടുമുറ്റത്ത് കുഴിയില്‍ ശേഖരിക്കും...
24അവേഴ്സ് വീട്ടില്‍ നല്ല ശുദ്ധജലം.. വീട്ടില്‍ എത്തുമ്പോഴേക്കും അതിന് തണുപ്പൊക്കെ പോയിക്കാണും.. എന്നാലും നല്ല വെള്ളം...അടുക്കളയിലേക്കുള്ളത് പ്രത്യേകം ശേഖരിക്കും.. പാത്രം കഴുകാനും അലക്കാനും ഒക്കെ ഒരു കുഴിയിലെ വെള്ളം തന്നെ.. എല്ലാത്തിനും ഈ കുഴിക്കടുത്തു തന്നെ സൌകര്യം ചെയ്തിട്ടുണ്ട്..
ഇപ്പൊ വീട്ടില്‍ ടാങ്കോ മറ്റോ വച്ച് ഒന്നു രണ്ട് പൈപ്പ്കണ്‍ക്ഷന്‍ എടുത്തിട്ടുണ്ട്.. എന്നാലും വെള്ളം ആ പനിനീരുറവയില്‍ നിന്നു തന്നെ....

അവരോട് എനിക്ക് വല്ലാത്ത ബഹുമാനം തോന്നിയത് കരിമുല്ല കൃഷി തുടങ്ങിയപ്പോഴാ.. ഈ കുഴിയില്‍ നിന്നും വെള്ളം പിടിച്ച് ദൈനംദിന പരിപാടികള്‍ നടത്തുന്നതേ എനിക്ക് ആദരവു തോന്നിച്ച സംഭവമാ.. ഈ ദൈനംദിനത്തില്‍ വീട്ടിലെ കലാപരിപാടികള്‍ കൂടാതെ തൊഴുത്തും നാലഞ്ചു പശുക്കളും എരുമയും ഒക്കെ ഉണ്ട് ട്ടോ.. ഇതൊന്നും പോരാതെ കരിമുല്ല കൃഷി.. അതിനും വെള്ളം ഇതില്‍ നിന്ന് തന്നെ .. കുഴിയില്‍ നിന്ന് എടുത്ത് അരക്കിലോമീറ്ററോളം മുകളില്‍ കയറി മുല്ലക്ക് വെള്ളം ഒഴിക്കണം...ഒന്ന് രണ്ട് ദിവസം സഹായിച്ചതോടെ ബഹുമാനം പത്തിരട്ടിയായി..

ഇപ്പോ ആ മുല്ലയില്‍നിന്ന് വരുമാനം കിട്ടിത്തുടങ്ങി.. നേരത്തേ പറഞ്ഞ ടാങ്കിന്റെ സഹായത്തോടെ സ്പ്രിംഗ്ലര്‍ വച്ചിട്ടുണ്ട് ഇപ്പോ...

ഭര്‍തൃബന്ധുക്കളില്‍ ഞാന്‍ ഏറ്റവും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന, നിസ്വാര്‍ത്ഥതയുടെ പര്യായമോ മൂര്‍ത്തീഭാവമോ ഒക്കെ ആയ, മധുരച്ചേച്ചിക്ക് ഈ പോസ്റ്റ്...

24 comments:

 1. കുഴിയില്‍ നിന്ന് എടുത്ത് അരക്കിലോമീറ്ററോളം മുകളില്‍ കയറി മുല്ലക്ക് വെള്ളം ഒഴിക്കണം...ഒന്ന് രണ്ട് ദിവസം സഹായിച്ചതോടെ ബഹുമാനം പത്തിരട്ടിയായി....

  ഇത്രയും ദൂരം വെള്ളവും ചുമന്നോണ്ട് നടന്നാല്‍ , ആരായാലും ബഹുമാനിച്ചു പോവും

  ReplyDelete
 2. താങ്കളെ അമ്മ മലയാളം സാഹിത്യ മാസികയുടെ ഭാഗമാകാന്‍ ക്ഷണിക്കുന്നു.
  താങ്കളുടെ രചനകളും പ്രതീക്ഷിക്കുന്നു . അക്സസിനായി ഇ-മെയില്‍ അയക്കുമല്ലോ

  ReplyDelete
 3. ഹേനാ..... വിവരണത്തില്‍ നിന്ന് തന്നെ ആ സുന്ദരംമായ സ്ഥലം കാണാന്‍ കൊതിയായി...... കുന്നുകല്‍ക്കിടയിലുള്ള വീട്..... മനോഹരമായ ഒരു അനുഭവമല്ലേ അത്...
  നഗരത്തിലെ പോലെ എല്ലായ്പോഴും വാഹങ്ങങ്ങളുടെ ശബ്ദവും .. മറ്റൊരു ബുദ്ധിമുട്ടുമില്ലാതെ........ കുടുംബ സമേതം....... നന്നായി ........... എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു.......
  ഫോളോ ചെയ്യാന്‍ ലിങ്ക് നോക്കി കണ്ടില്ല എവിടെയും...... അതോ എഴുതുന്നത്‌ മറ്റാരും കാണണ്ട എന്നാണോ..... ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു... കാത്തിരിക്കുന്നു....... പുതിയ അനുഭവങ്ങള്‍ക്കായി...

  ReplyDelete
 4. ഒറ്റയാന്‍... സുല്‍ഫി.. നന്ദി.

  സുല്‍ഫി.. താങ്കളുടെ കമന്റ് വര്‍ഷമേറ്റ് ഞാന്‍ ബോധം കെട്ടു കിടക്കുകയാണ്.. ബോധം വീണിട്ട് മറുകുറി എഴുതുന്നതാണ്...

  ഫോളോ ഓപ്ഷന്‍ നോക്കട്ടെ ട്ടോ.. പിന്നാലെ ആരെങ്കിലും ഒക്കെ ഉണ്ടെങ്കില്‍ ഒരു സുഖല്ലേ? വരൂ വരൂ...

  ReplyDelete
 5. നാത്തൂനെ സോപ്പിടാനും ബ്ലോഗ്!!!
  കാലം പോയൊരു പോക്കേ...
  (അവര്‍ക്ക് ബ്ലോഗ് കിട്ടില്ല എന്നൊന്നും പറഞ്ഞേക്കരുത്.)
  പിന്നെ, വീട്ടില്‍ എത്തും വരെ ഉള്ളതില്‍ നിന്ന് പെട്ടന്നായി ബാക്കി.

  ഓ.ടോ.-
  കര്‍ണ്ണാടക ചിത്രങ്ങള്‍ കൊണ്ട് വരൂ... നമുക്കീ കേരള വീട് മാറ്റണ്ടെ?

  ReplyDelete
 6. aathman paranjathu sari thanne
  ente ammayi ammaye sukipikan njanum thudangiyalo onnu
  "manjapra viseshangal"....

  ReplyDelete
 7. ആത്മാ.. നാത്തൂനെ ഇങ്ങനെ സോപ്പിട്ടിട്ട് ഒരു കാര്യോല്യ.. ഇത് മലയാളത്തിലല്ലേ.. പിന്നെ ഈ ഒരു നാത്തൂനെ മാത്രം സോപ്പിടേണ്ട ആവശ്യമില്ല...

  വീട്ടില്‍ എത്തും വരെ എഴുതിക്കഴിഞ്ഞ് എഴുതാന്‍ സമയം അധികം കിട്ടീല്യ.. അച്ചു ഗെയിം കളിക്കാന്‍ വാശി പിടിച്ചു.. അപ്പോ ഇങ്ങനെ ഒക്കെ മതീ ന്ന് വച്ചു..

  അനൂ.. മഞ്ഞപ്രപുരാണങ്ങള്‍ക്കായി കാത്തിരിക്കുന്നു

  ReplyDelete
 8. വരാൻ വൈകി.
  രസിച്ച് വായിച്ചു. അഭിനന്ദനങ്ങൾ

  ReplyDelete
 9. ഓ..ആ ഇരുട്ടത്തൂടെയുള്ള ഇറക്കം അപാരം തന്നെ. വല്ല പാമ്പും വന്നുകാണുമോ എന്ന ചിന്തയിലാണ് വായിച്ചത്... :-)

  ReplyDelete
 10. എച്മുക്കുട്ടീ.. ലേറ്റാ വന്താലും ലേറ്റസ്റ്റല്ലെ.. സാരല്യ..

  അപ്പൂ.. എന്താന്നറിയില്ല, പാമ്പിനെക്കുറിച്ച് അന്നേരം ഓര്‍ത്തില്ല. ചെലപ്പൊ വീഴാതിരിക്കാനുള്ള തത്രപ്പാടില്‍ മറന്നതാവും..


  സുല്‍ഫീ......ഫോളോ ഓപ്ഷന്‍ ഉണ്ടല്ലോ.. സൈഡില്‍.. ഇത് വായിക്കാന്‍ താല്പര്യം കാണിക്കുന്നവര്‍ എന്നും പറഞ്ഞ്...

  ReplyDelete
 11. വെറുതെ വന്നു നോക്കിയതാ... പുതുതായി ഒന്നുമില്ലേ... ശോ......... കഷ്ടായിപ്പോയി...

  ReplyDelete
 12. ചേച്ചീ എന്നെ ഒന്ന് കന്നഡ പഠിപ്പിച്ചു തരുമോ? വളരെ അത്യാവശ്യമാ അത് കൊണ്ടാ സത്യമാണെ ഇത് ഞാന്‍ പറ്റിക്കാന്‍ വേണ്ടി എഴുതുന്നതല്ല.

  ReplyDelete
 13. ഈ കവുങ്ങിന്‍‌പരിപാടി കാട്ടില്‍ പണ്ട് ഉണ്ടായിരുന്നു. നാച്ചുറല്‍ ഉറവയല്ലായിരുന്നു. പമ്പുവഴിവരുന്ന വെള്ളം തന്നെ
  :-)
  ഉപാസന

  ReplyDelete
 14. ശൊ പെട്ടന്ന് തീര്‍ന്ന് പോയ പോലെ... ഇനിയും എഴുതു.....
  എന്നിട്ടു വേണം ......:)

  സ്നെഹത്തൊടെ ലത...

  ReplyDelete
 15. എന്തായിത്. കുറച്ചു കര്‍ണാടക വിശേഷം കേള്‍കാം എന്ന് കരുതി ഓടി വന്നതാ.
  എന്ത് പറ്റി? വിളംബൂ. ഇലയുമായി ഞങ്ങളിതാ കാത്തിരിക്കുന്നു. ആ വഴിയൊക്കെ ഒന്ന് എത്തി നോക്കണേ.

  ReplyDelete
 16. nannayi paranjirikkunnu.... aashamsakal................

  ReplyDelete
 17. 'എങ്ങോട്ടോ ചൂണ്ടി ഏട്ടന്‍ പറഞ്ഞു ‘ആ വഴിയേ പോണം’ ന്ന്.. വഴിയൊന്നും ഞാന്‍ കണ്ടില്ല.. നല്ല ഇരുട്ട്.. ടോര്‍ച്ചൊന്നും ഇല്ല.. അന്നത്തെ കാലമായോണ്ട് മൊബൈലും ഇല്ല.. ഒരൂഹം വച്ച് അങ്ങ് നടക്കുക തന്നെ'

  ഹ ഹ... ആ സങ്കല്‍പ്പ വഴിയിലൂടെയുള്ള യാത്ര ഓര്‍ത്തു ചിരിച്ചു പോയി.

  എന്തായാലും ആ ചേച്ചിയ്ക്കു വേണ്ടിയുള്ള സമര്‍പ്പണം നന്നായി ചേച്ചീ.

  ReplyDelete
 18. കര്‍ണാടകക്കാരനായ കെട്യോനെ മലയാളിയാക്കി കുഴപ്പമാക്കല്ലേ

  ReplyDelete
 19. വായിച്ചു, സൂക്ഷ്മാംശങ്ങളിൽ മൈലാഞ്ചിക്കു ശ്രദ്ധ ഉണ്ട്. നന്നായി.കുറച്ചു നാളായല്ലൊ പോസ്റ്റ് ചെയ്തിട്ട്.കന്നഡ സ്വാഭിമാനം,ഉത്സവങ്ങൾ, ആചാരങ്ങൾ ഒക്കെ എഴുതുക!ഞാൻ മൂന്നു വർഷം കർണ്ണാടകയിലുണ്ടായിരുന്നു.

  ReplyDelete
 20. മൈലാഞ്ചീ ഇപ്പോഴാണ്‌ ഇതൊക്കെ വായിച്ചത്‌.. വേറൊരു ലോകത്തെത്തിയതു പോലെ തോന്നുന്നു.. ജോഗ് ഫാൾസിനടുത്താണ്‌ മൈലാഞ്ചീടെ ഈ ലോകം എന്ന്‌ കഴിഞ്ഞ ഏതോ പോസ്റ്റിൽ വായിച്ചു.. അവിടെ ഞാൻ വന്നിട്ടുണ്ട്..ഇതൊക്കെ വായിച്ചപ്പോൾ മൈലാഞ്ചീടെ നാട്ടിലും വരണമെന്ന് ഭയങ്കര ആഗ്രഹം.. എന്നെ ഒന്നു കുഞ്ഞിതായി ക്ഷണിച്ചാൽ ഞാൻ അവിടെ എപ്പോ എത്തീന്നു ചോദിച്ചാൽ മതി :-))

  ഇനിയും കർണ്ണാടക വിശേഷങ്ങൾ എഴുതുക..അതിലൂടെ ഞാനും അവിടൊക്കെ ഒന്നു പോയി കാണട്ടെ.
  (ഈ കമന്റ് ഈ പോസ്റ്റിനു വേണ്ടി മാത്രമുള്ളതല്ല, ഈ ബ്ളോഗിലെ എല്ലാ പോസ്റ്റുകൾക്കും ബാധകമാണ്‌..)

  ReplyDelete
 21. ഈ വഴിയെ വന്നവര്‍ക്ക് ഒന്നിച്ച് ആദ്യം തന്നെ നന്ദി..


  ഓരോരുത്തരെയും പേരെടുത്തു പറഞ്ഞ് സന്തോഷവും നന്ദിയും അറിയിച്ചതായി പ്രഖ്യാപിച്ചുകൊള്ളുന്നു...


  കൊച്ചൂസിനെ കുഞ്ഞീതായി അല്ല വെല്ലീതായിത്തന്നെ ക്ഷണിച്ചിരിക്കുന്നു.. ഞങ്ങള്‍ ഇത്തവണയെങ്കിലും ദീപാവലിക്ക് നാട്ടില്‍ ഉണ്ടാവണം എന്ന് കരുതുന്നു.. പോയാലോ?

  ReplyDelete
 22. ശ്ശൊ.. എന്തൊരു മറവി.. അടുത്ത പോസ്റ്റ് ഉടന്‍ വരും ട്ടോ

  ReplyDelete
 23. nice reading.

  www.ilanjipookkal.blogspot.com

  ReplyDelete
 24. ചേച്ചി എന്‍റെ ഗ്രാമത്തേക്കുറിച്ച് വളരെ ഭംഗിയായി എഴുതി വളരെ നന്ദി

  ReplyDelete