Monday, October 18, 2010

അയല്‍ക്കാരായാല്‍ ഇങ്ങനെ വേണം...

ഈ കര്‍ണാടകവിശേഷങ്ങള്‍ എന്നെ ചുറ്റിച്ചു തൊടങ്ങി. എന്തെഴുതണം ന്ന് ഓള്‍വേയ്സ് കണ്‍ഫ്യൂഷന്‍..

ഇന്നത്തെ പോസ്റ്റിനുള്ള വക കഴിഞ്ഞ ദിവസാണ് വീണുകിട്ടിയേ.. അതും തേങ്ങാ ചിരവാന്‍ ഇരിക്കുമ്പോ.. പേടിക്കണ്ട, ചിരവ വിശേഷങ്ങള്‍ ഒന്നും അല്ല, എന്നാല്‍ അതും ണ്ട് ട്ടോ..

പറയാന്‍ പോണത് അവടത്തെ വിശേഷദിവസങ്ങളെക്കുറിച്ചാണ്. എന്ന് വച്ചാല്‍ കല്യാണം, പിറന്നാള്‍, ഉപനയനം, ചൌളം തുടങ്ങിയ ദിവസങ്ങളിലെ ബനദകൊപ്പയെക്കുറിച്ച്...

ഓ...ചടങ്ങ് ഒക്കെ വിസ്തരിക്കാന്‍ പോവാണോ എന്ന് നെറ്റി ചുളിക്കല്ലേ.. അതൊന്നും പറയാന്‍ എനിക്കറിഞ്ഞൂട.. ഇവടെ പറയാന്‍ പോണത് എനിക്ക് 'കൊള്ളാലോ'ന്ന് തോന്നിയ ഒരു കാര്യാ..

മുഖവുര വേണ്ടുവോളമായി.. നേരെ കാര്യത്തിലേക്ക്..

ബനദകൊപ്പ ഗ്രാമത്തിന്‍റെ ഘടന ഓര്‍മയുണ്ടല്ലോ ല്ലേ? ആദ്യം ബ്രാഹ്മണഗൃഹങ്ങളാ.. അതില്‍ ഏതെങ്കിലും വീട്ടില്‍ എന്തെങ്കിലും വിശേഷം ഉണ്ടായാല്‍ പരസ്പരം ക്ഷണിക്കും, അതുറപ്പാണല്ലോ.. സാധാരണ നമ്മള്‍ എങ്ങനെയാ ക്ഷണിക്കുക? 'ഇന്ന ദിവസം കല്യാണമാണ്, നിങ്ങള്‍ കുടുംബസമേതം വരണം' ന്നൊക്കെയല്ലേ? അത് അവടേം ണ്ട്. (ഇവടെ ചെലര്‍ക്ക് ഭാര്യേം ഭര്‍ത്താവും കൂടി വന്ന് ക്ഷണിച്ചാലേ വീട്ടീന്ന് രണ്ടാളും പോവൂ. ഭര്‍ത്താവ് മാത്രം ക്ഷണിക്കാന്‍ വന്നാല്‍ വീട്ടിലേയും ഭര്‍ത്താവ് മാത്രം പോവും.!)
ആ ക്ഷണം കൂടാതെ തലേ ദിവസം വിശേഷം നടക്കുന്ന വീട്ടിലെ പെണ്ണുങ്ങള്‍ നടത്തുന്ന ഒരു ക്ഷണം ണ്ട്. എന്തായിരിക്കും പറയാമോ?
'പെണ്ണ്ങ്ങള്‍ടെ പണീ'ന്നും പറഞ്ഞ് നമ്മള്‍ ചെലത് മാറ്റിവച്ചട്ടില്യേ, അതിനന്നെ.. പാചകം.....അതിനാവശ്യമായ പച്ചക്കറി നുറുക്കല്‍... etc...

ഇതിന്‍റെ ക്ഷണവും അങ്ങനെത്തന്നെയാ.. 'നാളെ ഞങ്ങടെ വീട്ടില്‍ ഉപനയനമായോണ്ട് പച്ചക്കറി നുറുക്കാന്‍ (തര്‍ക്കാരി ഹെച്ചക്കെ) പെണ്ണുങ്ങള്‍ നേരത്തേ എത്തണം'ന്ന്.. ചുമ്മാ പോയാ വിവരറിയും.. അതിന് അതിന്‍റേതായ രീതിയൊക്കെണ്ട്.. തൊട്ടപ്പുറത്തെ വീട്ടിലക്കാ പോണേന്ന്ച്ചാലും ഡ്രസൊക്കെ ചെയ്ത് കുട്ടപ്പനായി, സോറി, കുട്ടപ്പിയായി വേണം പോവാന്‍.. കയ്യില് ഒരു പാത്രത്തില്‍ അക്ഷത എന്ന് വിളിക്കുന്ന സംഭവം-ഒന്നൂല്യ, അരീല് കുങ്കുമം മിക്സീതത്- ഈ അക്ഷത കൊടുത്തട്ട് വേണം ക്ഷണിക്കാന്‍.. ഈ പോണോര്‍ക്കും അറിയാം  ചെല്ലണത് പച്ചക്കറി നുറുക്കാന്‍ വിളിക്കാനാ ന്ന്ള്ളത് ആ വീട്ട്കാര്‍ക്കറിയാംന്ന്, ....വീട്ട്കാര്‍ക്കും അറിയാം നമ്മളെന്തിനാ ചെല്ലണേന്ന്.. ന്നാലും ഫോര്‍മാലിറ്റി ഈസ് ഓള്‍വേയ്സ് ഫോര്‍മാലിറ്റി..

അപ്പോ വിശേഷം നടക്കണ ദിവസായി.. ദേ കണ്ടോ ഓരോരുത്തര് വെളിച്ചാവുമ്പഴക്കും വന്ന് തൊടങ്ങ്യേ. നമ്മടെ നാട്ടിലാച്ചാ പച്ചക്കറി നുറുക്കാന്‍ വരണോരടെ കയ്യില് കത്തിയല്ലേ ണ്ടാവാ. അവരടേല്ള്ള സംഭവം കണ്ടോ? അതാണ് സാക്ഷാല്‍ 'മെട്ട്കത്തിമണെ' അഥവാ ചിരവ കം കത്തി..  ഒരു പലകേല് വളഞ്ഞ കത്തിയും അതിന്‍റെ മോളില് ചിരവനാക്കും.. പറഞ്ഞാ ക്ലിയറാവില്യാന്ന് തോന്ന്യോണ്ട് ദാ പിടി ഫോട്ടോ...









ഇതിപ്പോ പരിഷ്കരിച്ച രൂപാണ് ട്ടോ.. മുമ്പ് ഒരു മരത്തടീല് ആ വളഞ്ഞ കത്തി മാത്രേ ണ്ടാര്‍ന്നുള്ളൂ.. കത്തിയില്യാത്ത അല്ലെങ്കി അത്ര നല്ല കത്തി അല്ലാത്ത ചെരവ വേറെ..നമ്മടെ പോലെ മരത്തടീല് ചെരവനാക്ക് ഡയറക്റ്റ് പിടിപ്പിക്കണ പരിപാടില്യ. ...പിന്നെപ്പിന്നെ കത്തീം ചെരവേം കൂടി ആയി... അത് പിന്നേം ഭംഗി കൂട്ടി പരന്ന പലകേം അതിനൊരു ലോക്കും ഒക്കെ ആയി.. ആവശ്യാണലോ കണ്ടുപിടിത്തത്തിന്‍റെ അമ്മച്ചി..

അപ്പോ അവരൊക്കെ രാവിലെത്തന്നെ വീട്ടിലെത്തി പച്ചക്കറി അരിഞ്ഞോളും.. അവിടെ മിക്കവാറും കൂട്ടുകുടുംബമായോണ്ട് സ്ത്രീകള്‍ ഊഴം നിശ്ചയിച്ച് വരും, വീട്ടിലെ പണികളും നടക്കണല്ലോ.. (ഭാഗം വച്ച കുടുംബങ്ങളും ഉണ്ട്, മിക്കവരും ഒരേ വീട്ടില്‍ രണ്ട് അടുക്കള ആവുംന്ന് മാത്രം-അത്ര വലിയ വീടുകളാണേ,മാത്രോമല്ല, വേറെ വീടുവച്ച് മാറാന്‍ സാമ്പത്തികസ്ഥിതി അനുവദിച്ചു എന്നും വരില്ല..)
ഈ സഹായികള്‍ക്ക് നമ്മള്‍ രാവിലത്തെ ഭക്ഷണം തൊട്ട് കൊടുക്കണം.. അതിനെന്താ,പണിയെടുക്കണതല്ലേ... ഇവര് പണികളൊക്കെ കഴിഞ്ഞ് വീട്ടില്‍പ്പോയി കുളിച്ച് റെഡിയായി സുന്ദരിക്കുട്ടികളായി വരും..

ഇതൊരു പരസ്പര സഹായസംഘാണ്.. അവരടെ വീട്ടിലെ വിശേഷങ്ങള്‍ക്ക് നമ്മളും ഇതേപോലെ പോണം... (ഞാനും പോയിട്ട്ണ്ട് ട്ടോ ഒന്ന് രണ്ട് തവണ..രസാണ്.. അത്യാവശ്യം പരദൂഷണം, പാരവെയ്പ്, കളിയാക്കല്‍..  കുറച്ച് സ്മാര്‍ട്ടായോരടെ സെറ്റാണെങ്കില്‍ ഇത്തിരി നോണ്‍വെജും..)

ആള്‍ക്കാരെ മാത്രല്ല ഇങ്ങനെ ഇംപോര്‍ട്ട് ചെയ്യണത്.. പാത്രങ്ങളും വരവുണ്ട്.. അതിനൊക്കെ അടയാളം ഇട്ടിട്ടുണ്ടാവും.. സദ്യയൊക്കെ കഴിഞ്ഞ് പാത്രങ്ങള്‍ തിരിച്ചുകൊടുക്കുന്നതും ഒരു ചടങ്ങാ.. ചടങ്ങെന്ന് പറഞ്ഞാ ഒഫീഷ്യല്‍ ചടങ്ങല്ല, വിസ്തരിച്ചുള്ള പരിപാടിയാ ന്ന്..

പച്ചക്കറി നുറുക്കാന്‍ മാത്രല്ല, വിളമ്പാനും ഈ അയല്‍വാസികള്‍ വരും. (അതിന് ക്ഷണിക്കണോ ആവോ..എനിക്കോര്‍മയില്യ.. വേണ്ടിവരാനാണ് ചാന്‍സ്)

എന്തായാലും ഈ കൊടുക്കല്‍ വാങ്ങല്‍ സഹായപരിപാടികള്‍ നല്ല കാര്യായിട്ടാ എനിക്ക് തോന്നീത്.. എന്താന്ന്ച്ചാ, നമ്മടെ വീട്ടിലെ വിശേഷങ്ങള്‍ക്ക് നമ്മള് അല്ലെങ്കിലേ ഓടണം, അതിന്‍റെ കൂടെ ഈ പാചകപരിപാടീം ആയാല് വയ്യാണ്ടാവില്യേ?  ഇതിപ്പോ വരണോര്‍ക്ക് ആ വീട്ടില് വേറെ ഉത്തരവാദിത്തം ഒന്നും ഇല്യാത്തോണ്ട് ഇരുന്ന് പണിയാം, ആര്‍ക്കും ആര്‍ക്കും ഭാരല്യ...

ആ.. അതു പറഞ്ഞപ്പഴാ, പാചകം പാചകം ന്ന് ഞാന്‍ പറഞ്ഞൂന്ന്ച്ചാലും ഈ അടുപ്പത്ത് വച്ചുള്ള സംഭവം ആണുങ്ങളാ ചെയ്യുക.. 'അഡിഗെ ബട്ടര്' എന്ന് വിളിക്കുന്ന ആള്‍ ഒന്നോ രണ്ടോ സഹായികളേം കൂട്ടി വരും.. അഡിഗെ എന്നാല്‍ അടുക്കള എന്നും പാചകം എന്നും അര്‍ഥമുണ്ട്.. ഇവിടെ പാചകം എന്നര്‍ഥം.. ബട്ടര് എന്നാല്‍ ശരിക്കും പൂജാരീന്നാണ്.. നമ്മളിവടെ സ്വാമീന്ന് പറയണ പോലെയാവും..(അമ്പിസ്വാമി, സുബ്രഹ്മണ്യസ്വാമി ഒക്കെ ഫെയ്മസല്ലേ)... അവര് എന്തൊക്കെ വേണംന്ന് പറയും, നമ്മള് അത് ഒരുക്കിക്കൊടുക്കുക, അത്രന്നെ..
ഇവടത്തെപ്പോലെ മൊത്തം കോണ്‍ട്രാക്റ്റ് കൊടുക്കണ പരിപാടി തൊടങ്ങീട്ടില്യ ഇനീം...
ഈയിടെയായി ബട്ടര്ടെ സഹായികളായി ചെല സ്ത്രീകള്‍ വന്ന് തൊടങ്ങീതല്ലാതെ ലേഡി അഡിഗെ ബട്ടര് ആയിട്ടില്യ.. (ബട്ടര്ടെ സ്ത്രീലിംഗം എന്താണാവോ?)

കല്യാണങ്ങളൊക്കെ മൂന്നാലു ദിവസത്തെ ചടങ്ങായോണ്ട് എല്ലാ ദിവസോം ഇവര് വരും... നല്ല മേളമാ...
ഒരു നാട് മൊത്തം ആഘോഷിക്കുന്ന ദിവസങ്ങള്‍... കൂട്ടായ്മയുടെ ശക്തി, ഗുണം ഒക്കെ അറിയാവുന്ന ദിവസങ്ങള്‍... അവിടത്തെ ആ സഹകരണമനോഭാവത്തിന് നമസ്കാരത്തോടെ ഈ പോസ്റ്റ്....

19 comments:

  1. സ്ത്രീകള്‍ സഹകരണമനോഭാവമില്ലാത്തവരാണെന്ന് ആരാ പറഞ്ഞത്... അവരെ എനിക്കൊന്നു കാണണം....

    ഇതാ ചിരവയുമായി ഒരു കര്‍ണ്ണാടക പെണ്‍കൂട്ടായ്മ....

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. നന്നായി.... ചെരവ കം കത്തി ഞാനും കണ്ടിട്ടുണ്ട്... പക്ഷെ അതിങ്ങനെ ആയിരുന്നില്ല.. കര്‍ണാടകത്തില്‍ പൊതുവേ കൂട്ടായ്മകള്‍ കുറവായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.. പ്രത്യേകിച്ചും പെണ്ണുങ്ങള്‍.. ഇതൊരു വ്യത്യസ്ത അനുഭവം...

    ReplyDelete
  4. ammachi, nalla post. Pakshe ithil puthumayaayi thonniyathu, pachakkari ariyaan kshanikkanam ennathu maathramaanu. Jangalude naattil ippozhum ayalkkaarum naattukaarum okke koodi thanneyaa, kalyaanam polathe divasangal melamaakkiyedukkunnathu. oru vathyaasameyulloo, paniyokke aanungal thanne cheyyum. Ippozhum, ayalvakkathoru penkuttiyude kalyaanam ennu kelkkumbol aadyam vichaarikkunnathu, appo oru divasathe urakkam poyikitti ennaanu.
    ente kuttikkaalathu, sthreekalum panikkokke koodumaayirunnu. mulaku, malli , ari ivayokke podichedukkal, ari maavu aaattiyedukkal ivayokke ayalvakka sthreekalude oru kadama poleyaayirunnu.

    ReplyDelete
  5. കൂട്ടായ്മയുടെ വിശേഷങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍,ഇനി കന്നട-കല്യാണ വിശേഷങ്ങളാകട്ടെ,വിശദമായി!!!

    ReplyDelete
  6. ഭവതിയെ ഒരിക്കല്‍ വിളിച്ചവര്‍ പിന്നീട് വിളിക്കാറില്ല എന്നും കേട്ടു (ഭവതിയെ ബുദ്ധി മുട്ടിക്കേണ്ട എന്നു വിചാരിച്ചിട്ടാവും!!!!) അല്ലാതെ പച്ച ക്കറി തുണ്ടം തുണ്ടമായി അണ്‍ സൈസ് അരിഞതു കൊണ്ടല്ല കേട്ടോ!!!!

    ReplyDelete
  7. ഞാനും കണ്ടൂട്ടോ പോസ്റ്റ്.

    ആ 'മെട്ടുകത്തിമണെ' എവിടെയോ കണ്ട ഒരോര്‍മ്മ. സംഗതി എനിക്കിഷ്ടപ്പെട്ടു. മൂര്‍ച്ചെയന്നു പറയുന്നത് അടുത്തുകൂടിപ്പോലും പോയിട്ടില്ലാത്ത ഓള്‍ഡ് 5 കിലോ ചിരവയില്‍ തേങ്ങ ചിരവിയാല്‍ പോലും കൈ കണ്ടം തുണ്ടം കീറുന്ന ഞാന്‍ ഹേനേടെ മെട്ടുകത്തികണ്ട് ആകൃഷ്ടയായാല്‍ തീരെ ശരിയാവില്ല, എന്റെ ശരീരം ഞാന്‍ നോക്കണ്ടേ? എന്തായാലും ഐഡിയ ഉഗ്രന്‍. നമ്മടെ അടുക്കളയില്‍ ചുമ്മാ മൂലക്കിരിക്കുന്ന ചിരവയെ ഒരു മള്‍ട്ടി പര്‍പ്പസ് ഉപകരണമാക്കിയത് എന്തായാലും നന്നായി. (പിന്നെ ചട്ടീം കലോം തട്ടീം മുട്ടീം ഇരിക്കുന്ന സമയത്ത് എടുത്തെറിയാനുള്ള വെയ്റ്റ് സംഭവത്തിനില്ലാന്നൊരു കുറവേയുള്ളു...!)

    ഈ പരസ്പരസഹായസഹകരണസംഘം നല്ല പരിപാടി തന്നെയാണ്. ചിലവ് കാര്യമായി കുറയ്ക്കാല്ലോ. പാത്രങ്ങള്‍ വാടകയ്ക്കെടുക്കണ്ട, കറിക്കരിയാനും വിളമ്പാനും ആളെ അന്വേഷിക്കേണ്ട. ഒരു സിസ്റ്റത്തിന്റെ ഭാഗമായി നടക്കുന്നതായതുകൊണ്ട് അങ്ങനെയങ്ങു പൊക്കോളും അല്ലെ?

    കേരളത്തിലും ഈ പറഞ്ഞ പരിപാടി മുമ്പുണ്ടായിരുന്നു എന്നുതോന്നുന്നു. കല്യാണത്തിനല്ലെങ്കിലും ചെറിയ ചെറിയ ഫങ്ഷനുകള്‍ നടക്കുമ്പോഴൊക്കെ ആളുകള്‍ കഴിയുന്ന സഹായം ചെയ്തുകൊടുക്കുന്ന രീതി ഉണ്ടായിരുന്നു. ഇപ്പോ ഫ്ലാറ്റ് സംസ്കാരവും മറ്റുമായി ആളുകള്‍ കൂടുതല്‍ കൂടുതല്‍ തങ്ങളിലേക്കൊതുങ്ങിപ്പോയതുകൊണ്ടാവും കേറ്ററിംഗ് കമ്പനിക്കാര്‍ക്ക് കൊടുക്കുന്ന പരിപാടി വ്യാപകമായത്.
    (കണ്ടോ എനിക്കറിയാം കാര്യങ്ങളൊക്കെ. ബൈജു പറഞ്ഞപോലെ നോട്ട് ദി പോയിന്റ്..!)

    'കര്‍ണാടകി'കളുടെ സംഘമനോഭാവത്തിന് പറഞ്ഞ നമസ്കാരത്തിന്റെ ഒപ്പം ഞാനും കൂടുന്നു.

    ReplyDelete
  8. പ്രിയ മൈലാഞ്ചി,
    ഹാഹാ..!!
    കത്തി അത്യുഗ്രന്‍.തന്റെ പോസ്‌റ്റല്ല.ചിത്രത്തിലെ കത്തി അഥവാ ചെരവ.
    ഇതു ഞാനും അന്നത്തെ താമസത്തിനിടയില്‍ കണ്ടിട്ടുണ്ട്‌.ഭയങ്കരം ല്ലേ.
    പിന്നെ ഈ സാധനം മലര്‍ത്തി വച്ചിട്ട്‌ കുമ്പളങ്ങയും മത്തങ്ങയും കീറിയെടുക്കുന്നതും നുറുക്കിയെടുക്കുന്നതും ഞാന്‍ ആരാധനയോടെ നോക്കിയിരുന്നിട്ടുണ്ട്‌.
    കേരളത്തില്‍ മലപ്പുറത്തോ കോഴിക്കോട്ടോ ഇത്തരം സ്‌റ്റാന്‍ഡുള്ള വളഞ്ഞ കത്തികള്‍ ഉണ്ടെന്നാണ്‌ ഓര്‍മ്മ.
    എന്തായാലും ബ്ലോഗിന്റെ മാറിയ രൂപമടക്കം എല്ലാം നന്ന്‌.നന്മകള്‍.
    എന്നും ഉയിരോടെയിരിക്കട്ടെ.

    ReplyDelete
  9. ജിഷ്ണു.. കര്‍ണാടകത്തില്‍ കൂട്ടായ്മ കുറവാണെന്ന് എനിക്ക് എന്‍റെ അനുഭവം വച്ച് പറയാന്‍ പറ്റില്ല.. ഇവിടത്തെപോലെ അല്ലെന്ന് മാത്രം..

    രാജേഷ്.. ഇത്തരം കൂട്ടായ്മകള്‍ ഇവടെ ഉണ്ടായിരുന്നു എന്നാ ഞാന്‍ കരുതിയേ.. ഇപ്പോഴും ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം.. ആ അറിവു പങ്കുവച്ചതിന് പ്രത്യേകം നന്ദി..

    കൃഷ്ണകുമാര്‍.. കല്യാണവിശേഷങ്ങള്‍ എഴുതാന്‍ ശ്രമിക്കാം..

    കാക്കര.. സന്തോഷം, നന്ദി

    പുവര്‍മി.. അതെനിക്കിഷ്ടപ്പെട്ടു ട്ടോ

    സുപ്രീ.. കുറച്ചുനാളായി ഒരു വിവരോം കിട്ടാറില്ല ല്ലോ.. പുതിയ പോസ്റ്റ് എവടെ? ഇനീം ഇട്ടില്ലെങ്കില്‍ ഇനി കമന്‍റ് ഇടാനിങ്ങ് വാ.. ഞാന്‍ ഓടിക്കും...

    സുസ്മേഷ്ജി.. ഞാന്‍ വിചാരിച്ചു എന്നെയാ കത്തീന്ന് വിളിച്ചേന്ന്..
    കണ്ണൂര്‍ സൈഡില്‍ ഉണ്ട് ഇത്തരം കത്തികള്‍.. മലപ്പുറത്ത് ണ്ടോ ആവോ.. അന്വേഷിക്കണം...
    ആശംസകള്‍ക്ക് നന്ദി..

    ReplyDelete
  10. നല്ല രസകരമായി, സത്യത്തിൽ നമുക്ക് തൊട്ടയ സംസ്ഥാനത്തെ ജീവിതത്തെക്കുറിച്ചു അധികമൊന്നുമറിയില്ല, ആ കുറവ് നികത്തുന്നു മൈലാഞ്ചി.

    ReplyDelete
  11. ശ്രീനാഥന്‍മാഷേ....ശരിയാണ്, നമുക്ക് പലതും അറിഞ്ഞൂട.. അറിയാനുള്ള ശ്രമം ഞാന്‍ നടത്തുന്നു... അക്കൂട്ടത്തില്‍ ആരെങ്കിലും ഒക്കെ കൂടെ വരുമ്പോ ഒരു സന്തോഷം.....

    ReplyDelete
  12. എല്ലാരോടും ഒരു കാര്യം പറയാന്‍ മറന്നു.. ഈ ബ്ലോഗിന്‍റെ ലേബല്‍ മാറ്റയത് കണ്ടുകാണുലോ. അത് ബനദകൊപ്പേലെ വീടാട്ടോ.. ബാക് വ്യൂ... ഇങ്ങനെ കണ്ടാല്‍ തോന്നില്ലെങ്കിലും മൂന്നു നിലയുണ്ടേ....

    ReplyDelete
  13. ഇതേ പരിപാടി നമ്മടെ കൊടകിലും ഉണ്ട്. ഒരു വളരെ നല്ല സംഭവം ആണ്. എല്ലാവരും കൂടെ ഒത്തു ഒരിമിച്ചു, പരസ്പര സഹായത്തോടെ ജീവിയ്ക്കുന്നത് മനോഹരം ആണ്.

    ജിഷ്ണു - കര്‍ണാടകയില്‍ ഒരുവിധം സ്ഥലത്ത് എല്ലാം ഇതേ പോലെ തന്നെയാണ്. ജിഷ്ണു ബാന്ഗ്ലൂര്‍ പോലെ ഉള്ള ടൌണ്‍ പരിസരത്ത് ഉള്ള ജീവിതം ആണ് എന്ന് തോനുന്നു ഉദേശിക്കുന്നത്. അവിടെ പല പല നാട്ടില്‍ നിന്ന് ഉള്ള ആള്‍കാര്‍ അല്ലെ. അത് കൊണ്ട്, ഇത്തരം പരിപാടികള്‍ കുറവായിരിക്കും.

    ReplyDelete
  14. ക്യാപ്റ്റന്‍.. മറ്റുള്ള ഇടങ്ങളിലും ഉണ്ടായിരിക്കും എന്ന് തോന്നിയിരുന്നു.. അറിവിന് നന്ദി..

    ReplyDelete
  15. കര്‍ണാടകതിലായാലും കേരളത്തിലായാലും പെണ്ണുങ്ങള്‍ ചിരവ ഉപയോഗിക്കുന്നത് രണ്ടു കാര്യങ്ങള്‍ക്കാണ്.
    തേങ്ങ ചിരകാനും കേട്യോനെ തല്ലാനും :)

    ReplyDelete
  16. ഞാന്‍ മംഗലാപുരത്തിന് അടുത്ത് മൂഡബിദ്രിയില്‍ ഉള്ള ഒരു കോളേജില്‍ ആണ് പഠിച്ചത് അഞ്ചു കൊല്ലം. അവിടത്തെ അനുഭവം വച്ച് പറഞ്ഞു പോയതാണേ.... ക്ഷമിക്കണേ........

    ReplyDelete
  17. അല്ലെങ്കിലും അങ്ങനെ വേണം... പരസ്പര സഹകരണം കുറഞ്ഞു കുറഞ്ഞു വരുന്ന ഇക്കാലത്ത് ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുന്നതു തന്നെ ഒരു സുഖം.

    ReplyDelete
  18. പോസ്റ്റ് രസമായി.
    മെട്ടുകത്തിമണെ എന്റെ വീട്ടിലും ഉണ്ടായിരുന്നു.
    തമിഴിൽ അതിനു അരുമാമണെ എന്നു പറയും. അതിൽ പച്ചക്കറി അരിയുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണ്.

    പെണ്ണുങ്ങൾക്ക് സഹകരണമില്ലാന്ന് ചുമ്മാ പറയണതല്ലേന്നും ഈ ലോകം?
    പോസ്റ്റ് ഇഷ്ടപ്പെട്ടു.

    ReplyDelete
  19. അങ്ങിനെ പരസ്പര സഹകരണം ഇവിടെ നമ്മുടെ നാട്ടിലുമുണ്ടായിരുന്നു.
    ഒരു കല്യാണം, വിശേഷ ദിവസങ്ങള്‍ എന്നിങ്ങനെ എല്ലാത്തിനും, കൂട്ടുകാരും, അയല്‍ക്കാരും എല്ലാം കൂടെ ഉണ്ടാവും.
    പന്തല്‍ കെട്ടല്‍ മുതല്‍, പാചക സാമഗ്രികള്‍, വാടക സാമഗ്രികള്‍ കൊണ്ട് വരാന്‍ എന്നിങ്ങനെ എല്ലാത്തിനും.
    പക്ഷെ ഇത്തരം ചടങ്ങുകള്‍ ഇല്ലായിരുന്നു എന്ന് മാത്രം.
    ഇന്ന് ആണ് കുടുംബങ്ങളും, കല്യാണ മണ്ഡപങ്ങളും, ഒക്കെ ആയതോടെ എല്ലാം കോണ്ട്രാക്റ്റ് കൊടുക്കാന്‍ തുടങ്ങി.

    നല്ല പോസ്റ്റ്‌. പതിവ് പോലെ തന്നെ രസകരമായി പറഞ്ഞു. ഇനിയും ഈ വഴി വരാം.

    ReplyDelete