കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ പാപ്പൂന് കൌളിക്കായുടെ അലര്‍ജി ആവും എന്ന് പറഞ്ഞ്, അതിനെ പറ്റി അടുത്ത പോസ്റ്റ് എന്നും പറഞ്ഞ് പോയതല്ലേ.. എന്നാ പിന്നെ അദന്നെ ആവട്ടെ എന്ന് വച്ചു..
ഓര്‍മയുണ്ടോ ആദ്യപോസ്റ്റുകളില്‍ ഒന്നില്‍ അവിടത്തെ വീടുകളുടെ ശൈലിയെ പറ്റി പറഞ്ഞിരുന്നു.. ഒരു സൈഡ് വീടുകള്‍, മറ്റേ സൈഡ് പറമ്പ്.... ഈ വീടുകളുടെ പിന്നിലും പറമ്പ് കാണും.. (ബ്രാഹ്മണര്‍ക്കൊക്കെയേ ഇത് പറഞ്ഞിട്ടുള്ളൂ ട്ടോ) ..ബനദകൊപ്പ ഗ്രാമത്തിലെ വീടുകള്‍ക്ക് പിന്നില്‍ ഒരു ചെറിയ കുന്നാണ്. ഉയരം എങ്ങനെയാ പറയുക? നമ്മുടെ വീട് മൂന്ന് നില ഉള്ളതാണ്, തട്ടിന്‍പുറം അടക്കം.. ഏതാണ്ട് അതിന്റെ ഉയരം വരും കുന്നിന്...ഈ കുന്നിന്‍ മുകളില്‍ വരുന്ന കുറെ സ്ഥലം കൂടി വീട്ടുകാരുടേതാണ്..അതിനുമപ്പുറം വരുന്ന കുന്നിന്‍ മുകളിലെ ഭാഗങ്ങള്‍ സര്‍ക്കാറിന്റെ... അവിടെനിന്നും ഒന്നും എടുക്കാന്‍ പാടില്ലെന്നാണ് നിയമം.. പക്ഷേ അവിടത്തെ നാട്ടുകാര്‍ക്ക് അവരുടേതായ നിയമങ്ങള്‍ ഉണ്ട്.. അതില്‍ സര്‍ക്കാരായാല്‍ പോലും കൈ കടത്തുന്നത് അവര്‍ക്കിഷ്ടല്ല...
എന്തായാലും ആ കുന്നിന്‍ മുകളിലേക്ക് കയറി പോയി നമ്മുടെ ഏരിയായും കടന്ന് അപ്പുറത്ത് എത്തിയാല്‍ പിന്നെ കാണുന്നത് അവിടേം ഇവിടേം കുറച്ച് വലിയ മരങ്ങളും പിന്നെ ഈ പോസ്റ്റിനാധാരമായ കൌളിക്കായ് മരങ്ങളും ആണ്. കൌളിമരം അത്ര വലുതല്ല.. എന്നാല്‍ തീരെ കുഞ്ഞുമല്ല..( ശ്ശെടാ..ഈ ഉയരം പറഞ്ഞു മനസിലാക്കുക എന്നത് വലിയ പാടുതന്നെ)..ഏതാണ്ട് വളര്‍ച്ചയെത്തിയ പേരമരത്തിന്റെ പൊക്കം കാണും.. എന്നാല്‍ അങ്ങനെ മുകളിലേക്ക് മാത്രല്ല വളര്‍ച്ച, കൊമ്പുകള്‍ ഒക്കെ സൈഡിലേക്ക് വളര്‍ന്ന് തൂങ്ങി കിടക്കും..അത്ര ഉറപ്പുള്ള കൊമ്പല്ല എന്നും പറയാം.. കുറച്ചൊന്ന് പന്തലിച്ച് കിടക്കുന്ന മരം.. വള്ളിയില്‍ നിന്നും വളര്‍ന്ന് മരമാവാത്ത പരുവം...ഒരു ടീനേജ് പ്രായം...
എന്തായാലും ആ മരത്തിലാണ് വിശ്വവിഖ്യാതമായ കൌളിക്കായ് ഉണ്ടാകുന്നത്.. ചെറിയ ചെറിയ കായകള്‍..നമ്മുടെ അരിനെല്ലിക്കയോളം വലിപ്പം വരും..(ഇനി ഇപ്പോ സാദാ നെല്ലിക്കയല്ലാതെ അരിനെല്ലിക്ക കാണാത്തവരോട് എന്ത് ഉപമ പറയും?.. രണ്ടുര്‍പ്യക്ക് കിട്ടണ മഞ്ചിന്റെ ഉണ്ടയോളം എന്ന് പറയാം..) കായ ആകുമ്പോള്‍ പച്ച നിറം, പഴുത്തു തുടങ്ങുമ്പോള്‍ ചുവന്ന് ചുവന്ന് വരും.. ലൂപിക്ക പോലെ.... നല്ല പഴുപ്പായാല്‍ ഒരു കാപ്പിപ്പൊടിക്കളര്‍ ആണ്.. ഇത്തിരികൂടി കടുപ്പം കൂടിയാലേ ഉള്ളൂ,ഒട്ടും കുറയില്ല്യ..
അങ്ങനെ പഴുത്ത കൌളിക്കായ് പൊട്ടിക്കുക, ഉടന്‍ തിന്നുക..ഇതാണ് പ്രോസസ്..കാരണം വേറൊന്നുമല്ല ..അതിന് പശയുണ്ട്.. പൊട്ടിച്ചാല്‍ അറ്റത്തുനിന്ന് വെളുത്ത പാല്‍ ഊറും. അത് അല്പനേരം കഴിഞ്ഞാല്‍ ഒട്ടുകയും ചെയ്യും.. അതുകൊണ്ട് പൊട്ടിച്ച് നേരെ വായില്‍ ഇടുക...
ഇത് പറയാം എന്നല്ലാതെ എപ്പോഴും പ്രാവര്‍ത്തികമാവില്യ, പ്രത്യേകിച്ചും കുട്ടികള്‍ കൂടെ ഉള്ളപ്പോള്‍.. അവര്‍ക്ക് പൊട്ടിച്ച് കൊടുക്കണമല്ലൊ.. പിന്നെ പിള്ളേരടെ ഒരു മനശ്ശാസ്ത്രമനുസരിച്ച് അവര്‍ക്ക് ഒരെണ്ണം ഒരെണ്ണം ആയി കിട്ടിയാല്‍ ഒരു തൃപ്തി ഉണ്ടാവില്ല്യ.. എന്തും ഏതും കൊറേ കൊറേ.. വേണം.... അപ്പോ ചെയ്യുന്ന സൂത്രപ്പണിയാണ് ഇലയില്‍ കുമ്പിള്‍ കുത്തുക എന്നത്.. കൌളിമരത്തിന്റെ ഇല തീരെ ചെറുതാണ്. അതെടുത്തിട്ട് കാര്യല്യ.. വേറെ ഒരു ചെടി ഉണ്ട്.. വലിയ ഇലയായിക്കൊണ്ട്.. ചെറിയ ചെടി.. അതിന്റെ ഇല പൊട്ടിച്ച് കുമ്പിള്‍ കുത്തുക, അതിലേക്ക് പൊട്ടിക്കുന്ന കൌളിക്കായ് ഇടുക, ഒരു പത്തിരുപതെണ്ണം ആയാല്‍ കൊടുക്കുക..ഇതാണ് പ്രോസസ്...അപ്പോ സ്വാഭാവികമായും ചോദ്യം ഉയരാം..പശയോ ന്ന്.. പശയുണ്ട്..എന്നാലും സ്വാദുമുണ്ട്.. നാവില്‍ അല്പം ഒട്ടുന്ന പോലെ തോന്നും എന്ന് മാത്രം...(തോന്നലല്ല്, സത്യമാണ്..)
ഈ കായയുടെ ഉള്ളില്‍ കുരു ഉണ്ട്, കുരു അല്ല കുരുക്കള്‍.. പക്ഷേ അതും കഴിക്കാം. മൃദുവായ കുരുവാണ്...
ഇത്രയും പറഞ്ഞിട്ടും ഇതിന്റെ സ്വാദ് എന്താന്ന് പറഞ്ഞില്ല ല്ലേ.. അതിപ്പോ എങ്ങനെയാ പറയുക? പുളിയല്ല, പഴുത്തതിന്.. മധുരം ഉണ്ടോന്ന് ചോദിച്ചാല്‍ ഉണ്ട്, എന്നാല്‍ അത്ര ഗംഭീര മധുരവും അല്ല...ഒരു പ്രത്യേക സ്വാദ്...നേരിയ മധുരം....കുറെ എണ്ണം കഴിച്ചു കഴിഞ്ഞാല്‍ നാവില്‍ അതിന്റെ പശ ഒട്ടിപ്പിടിക്കും..എന്നാലും നിര്‍ത്താന്‍ തോന്നില്ല...
ആ.. ഇനി ഇതിന്റെ വേറെ ഒരു ഉപയോഗം കൂടി പറയാം... ‘കൌളിക്കായ് നീര്‍ ഗൊജ്ജു’ എന്ന പേരുള്ള ഒരു സംഭവം ഉണ്ടാക്കാന്‍ ഇതിന്റെ കായ പുളിയുള്ളത് ഉപയോഗിക്കും... പേരു കേട്ട് പേടിക്കണ്ട.. നമ്മുടെ സംഭാരത്തിന്റെ ഒരു ചേട്ടനോ അനിയനോ അമ്മാമന്റെ മകനോ ഒക്കെ ആയിട്ടു വരും കക്ഷി.... കൌളിക്കായും(പുളിയുള്ള മാങ്ങ കൊണ്ടും വക്കാം) ഒരു സ്പൂണ്‍ നാളികേരവും ഒരു നുള്ള് ജീരകവും ഒരു പച്ചമുളകും ഉപ്പും കൂടി നല്ലോണം വെള്ളം കൂട്ടി അരച്ച് അരിച്ചെടുക്കുക.. ഇപ്പുറത്തുനിന്ന് നോക്കിയാല്‍ അപ്പുറം കാണാവുന്ന പരുവത്തില്‍ ആക്കണം.. എന്നിട്ട് കടുകു വറുത്തിടുക.. കടുകു പൊട്ടിക്കുമ്പോ അല്പം കായം പൊടിയും ഇടണം.... ദഹനത്തിന് ദ ബെസ്റ്റ് ആണത്രെ.. പുളിയുള്ള കായ ആവണം എന്നേയുള്ളൂ... നല്ല സ്വാദാ ട്ടോ...
ഈ കായ നമ്മുടെ നാട്ടില്‍ കാണാത്തതിനാല്‍ മലയാളം പേര് പറയാന്‍ അറിയില്ല... ഇനി നാട്ടില്‍ പോയി വരുമ്പോ ഫോട്ടോ എടുത്തിട്ട് വരാം ട്ടോ..