Saturday, February 20, 2010

പച്ചക്കറി സംഭരണം ബനദകൊപ്പ സ്റ്റൈൽ

ബനദകൊപ്പ ഉയര്‍ന്ന പ്രദേശത്ത് ആയതു കൊണ്ട് തന്നെ അവിടെ തണുപ്പ് കൂടുതല്‍ ആണ്. കൂടുതൽ എന്നത് എന്റെ ഇരിങ്ങാലക്കുടയെ കമ്പയർ ചെയ്യുമ്പോളാട്ടോ...(എനിക്കറിയാവുന്ന സ്ഥലം വച്ചല്ലേ താരതമ്യം പറ്റൂ..കാശ്മീരിൽ ഞാൻ പോയിട്ടില്ല..... ) എന്തായാലും ഏപ്രിൽ മെയ് മാസങ്ങളിൽ പോലും വൈകീട്ട് അല്പം കുളിരൊക്കെ ഉണ്ടാവാറുണ്ട്.... ആ തണുപ്പു കാരണം അവിടെ ഫ്രിഡ്ജ് ഒരു അവശ്യവസ്തു അല്ല... പച്ചക്കറി ഒക്കെ ഫ്രഷ് ആയിത്തന്നെ ഇരുന്നോളും... പോരാത്തതിനു അവരുടെ ചില സ്പെഷ്യൽ സംഭരണ ടെക്നിക് ഒക്കെ ഉണ്ട്... വീടിനു നടുഭാഗത്തായി ‘നടുമന‘ എന്ന പേരിൽ (താഴെ നിലയിൽ) ഒരു മുറി ഉണ്ട്... അത് ഒരു ഇരുട്ടു മുറിയാണ്.. നട്ടുച്ചക്ക് പോലും ലൈറ്റ് ഇടാതെ ഒന്നും കാണില്ല... പ്രസവിച്ച് കിടക്കുന്നവർക്ക് ഉള്ള കട്ടിൽ ഒരു മൂലക്ക്... മറ്റേ മൂലയിൽ പലചരക്കു സാമഗ്രികൾ വക്കുന്ന പത്തായം പോലുള്ളവ... അതിനും അപ്പുറം ഒരു കൂരിരുട്ട് മുറിയുണ്ട്.... മണ്ണ് മെഴുകിയ നിലത്ത് കാൽ വക്കുമ്പോഴേ തണുക്കും.... അതിലാണ് പച്ചക്കറി-പഴവർഗങ്ങൾ ഒക്കെ വക്കുന്നത്... കേടുവരില്ല.. ഒരുതരം നാച്വറൽ ഫ്രിഡ്ജ്...

കല്യാണം കഴിഞ്ഞ ആദ്യ നാളുകൾ ഒന്നിൽ, സാധനങ്ങളുടെ പേരൊക്കെ പഠിച്ചു തുടങ്ങിയ കാ‍ലത്ത്... ഒരു ദിവസം അമ്മ എന്നോട് ചെറുനാരങ്ങ കൊണ്ടുവരാൻ പറഞ്ഞു.. ഞാൻ ഈ നടുമനയിൽ തപ്പലോട് തപ്പൽ.. കിട്ടീല്യ... അപ്പോ അമ്മ വിളിച്ചു.. ‘‘നയനാ...(അതാണ് അവിടത്തെ എന്റെ പേര്..) ..അല്ലി ല്ലെ..ബാമിയൊളഗെ നോഡു..’’...അവിടെയല്ല കിണറ്റിൽ നോക്കാൻ..!!!! ഞാൻ അന്തം വിട്ടുനിന്നു... എന്റെ കന്നട പരിജ്ഞാനത്തിന്റെ പരിമിതി ആവും എന്നാ ആദ്യം കരുതിയേ... എന്നാ അങ്ങനെയല്ല.. ശരിക്കും കിണറ്റിലാ നോക്കേണ്ടത്.. !! എന്റെ വാ പൊളിച്ചുള്ള നില്പു കണ്ട് പാവം തോന്നി നാത്തൂൻ പദ്മജ സഹായിച്ചു... കിണറ്റിനരികെ വന്ന് അതിലേക്ക് ഇട്ടിട്ടുള്ള ഒരു ചെറിയ കയർ വലിച്ചെടുത്തു.. അതിന്റെ അറ്റത്ത് ഒരു ചെറിയ സഞ്ചി... അതിലതാ ചെറുനാരങ്ങയും മല്ലിയിലയും ഒക്കെ വെരി മച്ച് ഫ്രഷ് ആയി ഇരിക്കുന്നു.!! ആ റ്റെക്നോളജിയെ ഞാൻ മനസാ നമിച്ചു...