Saturday, March 27, 2010

ബനദകൊപ്പ വിശേഷങ്ങള്‍ വീണ്ടും...

കുറച്ച് നാളായി കര്‍ണാടക വിശേഷങ്ങള്‍ ഒന്നും ഇല്ലാതെ അല്ലേ? എന്താണെഴുതേണ്ടത് എന്ന കണ്‍ഫ്യൂഷന്‍ ആയിരുന്നു.. പിന്നെ മറ്റേ ബ്ലോഗില്‍ എന്തൊക്കെയോ കുത്തിക്കുറിക്കുന്നതിനാല്‍ ജീവിച്ചിരിപ്പുണ്ടെന്ന് സ്വയം അറിഞ്ഞിരുന്നു...


ഇന്നിപ്പോ അവിടത്തെ അമ്മേടെ ചില ഒറ്റമൂലികളെ പറ്റി പറയാം.. അതില്‍ ചിലതൊക്കെ പറ്റിക്കത്സ് ആണോ എന്നൊരു സംശയം ഇല്ലാതില്ല.!!അത്തരം ഒന്നാണ് ‘ഉപ്പു-സക്കരെ-ബിസിനീരു’ അഥവാ ഉപ്പും പഞ്ചസാരയും ചേര്‍ത്ത ചൂടുവെള്ളം...!! വയര്‍ സംബന്ധമായ എന്തു പ്രശ്നമായാലും അമ്മേടെ ഔഷധം ഇതാണ്..പ്രത്യേകിച്ചും കുട്ടികള്‍ക്ക്.. വയര്‍ വേദനിക്കുന്നു എന്നു പറഞ്ഞ് ഒരു കുട്ടി കരഞ്ഞാല്‍ അപ്പോ പറയും ‘ഉപ്പു സക്കരെ ഹാക്കി ഒന്ദ്ചൂര്‍ ബിസി നീരു കൊഡു’ എന്ന്...ട്രാന്‍സ്ലേഷന്‍ വേണ്ടല്ലോ?.. അതു കൊടുക്കുന്ന കൂട്ടത്തില്‍ ഒരു ഡയലോഗും ഉണ്ട്. ‘ ഇത് ചെന്നാല്‍ അഞ്ചു മിനിറ്റോണ്ട് വയറുവേദന പിടിച്ചുനിര്‍ത്തിയ പോലെ മാറും’ എന്ന്.. സത്യത്തില്‍ ഈ ഡയലോഗിനല്ലേ ആ വെള്ളത്തിനേക്കാള്‍ ഗുണം എന്ന് തോന്നാറുണ്ട്.. ഇതേ മരുന്നു തന്നെ ഗ്യാസ് ട്രബിളിനും ദഹനക്കേടിനും ഒക്കെ കൊടുക്കും !! ഡയലോഗില്‍ മാറ്റമില്ല !! ഈ കുറ്റം പറയുന്ന എന്റെ ഗ്യാസ് പ്രോബ്ലവും ആദ്യതവണ മാറിയിരുന്നു ട്ടോ ഇതോണ്ട്...

മറ്റൊന്ന് സിംപിള്‍ ശര്‍ക്കര വെള്ളം.. ഇത് ക്ഷീണത്തിനുള്ളതാ.. ഇതെന്തായാലും പറ്റിക്കത്സ് അല്ലാട്ടോ.. വല്ലാതെ പണിയെടുത്ത് ക്ഷീണം ആവുമ്പോ ഒരു നുള്ള് ശര്‍ക്കര (അവിടെ ശര്‍ക്കര കട്ടയല്ല, ദ്രാവക രൂപത്തിലാണ് ) എടുത്ത് വായിലിട്ട് വെള്ളം കുടിക്കുക... വെയിലത്തുനിന്നും വന്നതാണെങ്കില്‍ ആ മധുരം ഇറങ്ങുന്ന വഴി അറിയും... അതങ്ങു ചെന്നാല്‍ പിന്നെ ദാ ന്ന് പറയുമ്പഴക്കും ‘ക്ഷീണമോ എനിക്കോ‘ എന്ന് ചോദിക്കാറാവും.. ഇതിനെതോ സയന്റിഫിക് റീസണ്‍ ഏട്ടന്‍ പറഞ്ഞിരുന്നു..മറന്നു... ചോദിച്ചിട്ട് പിന്നെ എഴുതാം..


പിന്നെ പുളി എന്ന സര്‍വസാധാരണ ‘മൌത്ത് വാട്ടെറിംഗ് സ്റ്റഫ്’.... ഇത് ചൊറിക്കുള്ള മരുന്നാണെന്ന് ഞങ്ങളുടെ പാപ്പൂനെ എന്തോ കടിച്ചോ മറ്റോ മേത്ത് മുഴോനും തിണര്‍ത്തു വന്നപ്പഴാ അറിഞ്ഞേ.. അന്ന് പാപ്പൂന് കൌളിക്കായ് അലര്‍ജി ആണെന്നാ അമ്മ പറഞ്ഞേ (ഈ കായയെ പറ്റി അടുത്ത പോസ്റ്റില്‍).. അതിനാണ് പുളി കലക്കിയ വെള്ളം കൊടുത്തത്...പുളി മാത്രല്ല ഇത്തിരി ശര്‍ക്കരയും...കുറച്ചൊന്നുമല്ല, ധാരാളം... അതു കൊടുത്തിട്ടും മാറീല്യ എന്നത് വേറെ കാര്യം...അതു പക്ഷേ എന്തെങ്കിലും കടിച്ചതു കൊണ്ടാവും എന്നാ പറഞ്ഞേ.. അതൊരു ട്രയല്‍ ആന്‍ഡ് എറര്‍ ആയിരുന്നു... കൌളിക്കായ് അലര്‍ജി ആണേല്‍ പുളി ശര്‍ക്കര വെള്ളം ഓക്കേ..അല്ലെങ്കില്‍ പിന്നെ ഭസ്മം തന്നെ ശരണം... ഓ..അല്ല മറന്നു... വേറെ ഒരു സൂത്രം ഉണ്ട്.. നാരങ്ങാനീര്....അതു പുരട്ടിയാലും ചൊറിച്ചില്‍ മാറുമത്രെ...!!!


നാരങ്ങാനീര് എന്ന് പറഞ്ഞപ്പഴാ വേറൊരു മരുന്ന് ഓര്‍മ വന്നേ... തലവേദന ആദിയായ ചില വേദനകള്‍ക്ക് നാരങ്ങാനീരും വെളിച്ചെണ്ണയും കൂടി മിക്സ് ചെയ്ത് പുരട്ടും.. ‘നിംബെഹുളി എണ്ണെ’ എന്ന് ഓമനപ്പേര്.. ഇതൊരു തരം വിക്സിന്റെ ഇഫക്റ്റാവും ന്നാ തോന്നണേ.. പരീക്ഷിക്കാനുള്ള ധൈര്യം ഉണ്ടായിട്ടില്ല....


ഇനി പാപ്പൂന് ഫലിച്ചതും അച്ചൂന് ഫലിക്കാഞ്ഞതുമായ ഉഗ്രന്‍ ഒരു മരുന്ന്.. പാപ്പൂന് മുമ്പ് ഒരു തരം ചുമ ഉണ്ടായിരുന്നു രാത്രീല്.. എന്തു മരുന്ന് കഴിച്ചിട്ടും മാറീല്യ.. ഒരിക്കല്‍ അമ്മ ഇവിടെ വന്നപ്പോ അവളുടെ ചുമ കേട്ട് എനിക്ക് മരുന്ന് പറഞ്ഞു തന്നു.. പതിവുപോലെ വിത്ത് ഡയലോഗ്..’ ഇത് ഒരൊറ്റ തവണ കഴിച്ചിട്ടല്ലേ ആശേടെ ചുമ മാറീത്...’ എന്തായാലും പരീക്ഷിക്കാന്‍ ഞാന്‍ തയ്യാറായി.. കാര്യം സിമ്പിള്‍.. ശര്‍ക്കര (ഇത് സര്‍വരോഗസംഹാരിയാണോ?) യും കുരുമുളകും കൂടി ചതച്ച് ചെറിയ ഉരുളകളാക്കുക.. ചെറുത് എന്നുവച്ചാല്‍ തീരെ ചെറുത്..ഓരോന്നും ഓരോ പയറുമണിയോളം വലുപ്പം ധാരാളം മതി.. അതിലും ചെറുതായാലും മതി... രാത്രി കിടക്കാന്‍ നേരം ഒരെണ്ണം വായിലിട്ട് അലിയിക്കുക. അങ്ങനെ മൂന്നോ നാലോ ദിവസം... ചുമ ഗായബ് !! പാപ്പൂനെന്തായാലും അതോണ്ട് മാറി..പക്ഷേ അച്ചൂനും ഇതേ പ്രശ്നം വന്നപ്പോ അമ്മ ആത്മവിശ്വാസത്തോടെ ( അഹങ്കാരത്തോടെ എന്നെങ്ങിനെയാ എഴുതുന്നേ, ഏട്ടന്‍ കണ്ടാലോ?) പറഞ്ഞു.. ‘കാള്‍മെണുസു-ബെല്ല കൊഡു’ ന്ന്... ബെല്ല, നമ്മുടെ വെല്ലം അഥവാ ശര്‍ക്കര..അപ്പോ സ്വാഭാവികമായും കാള്‍മെണുസ് കുരുമുളകാ ന്ന് മനസിലായല്ലോ ല്ലെ... ഞാന്‍ കൊടുത്തിരുന്നു അതിനു മുന്‍പേ.. ബട്ട്, അച്ചൂന്റെ ചുമ ‘എന്നോടോ’ ന്നും ചോദിച്ച് അതേ ഇരിപ്പ്... പിന്നെ ആയുര്‍വേദം തന്നെ ശരണം... അന്ന് അമ്മ അതിന്റെ ന്യായം കണ്ടത് ഓരോ ശരീരവും ഓരോ തരമാണെന്നാ..ശരിയാവണം....


മൂക്കടപ്പ് മാറാന്‍ ഇഞ്ചിയും തേനും ചേര്‍ത്ത മിശ്രിതം, കഫക്കെട്ടിന് തേനും ചെറുനാരങ്ങയും മിക്സ്....അങ്ങനെ നമ്മുടെ നാട്ടിലും കാണുന്ന പലതും അവിടേം കാണാം...


ഇത്രയൊക്കെ ഒറ്റമൂലി അറിയാവുന്നോണ്ട് അവിടെ ആരും ഡോക്റ്ററെ കാണാന്‍ പോവില്ലാന്ന് ആരും കരുതണ്ടാട്ടോ.. അത് ഒരു പോസ്റ്റിനുള്ള വകയുണ്ട്..പിന്നെ പറയാം.....

9 comments:

  1. ഇനീം പലതരം മരുന്നുകള്‍ ഉണ്ട്..പെട്ടെന്ന് ഓര്‍മ വന്നത് എഴുതി എന്നുമാത്രം...

    ReplyDelete
  2. മുറിവൈദ്യർ ആണല്ലേ.. കൊള്ളാം ഇതിലെ ആദ്യത്തെ വായിൽ കൊള്ളാത്ത പേറുള്ള സാധനമില്ലേ.. അത്‌ തന്നെ ഉപ്പ്‌ പഞ്ചസാര വെം അത്‌ ഒന്ന് പരീക്ഷിക്കണം .. വയറുവേദക്ക്‌

    ReplyDelete
  3. നന്നായിട്ടുണ്ട്.ഓരോ ദേശത്തേയും നാട്ടറിവുകള്‍ ലഭിക്കുന്നത് വളരെ പ്രയോജനപ്രദമാണല്ലോ......

    ReplyDelete
  4. ശ്ശെടാ... ഇതു കൊള്ളാമല്ലോ. ഇത്രയധികം നമ്മളറിയാത്ത മരുന്നുകളോ? പലതിനും ശാസ്ത്രീയമായ വിശദീകരണങ്ങള്‍ ഉണ്ടാകണം...

    ReplyDelete
  5. കമന്റടിക്കാന്‍ മറന്നതല്ല. സത്യായിട്ടും ഇതു ഞാന്‍ കണ്ടില്ലാട്ടോ...

    ആ ശര്‍ക്കരവെള്ളത്തിന്റെ കാര്യം ഇഷ്ടപ്പെട്ടു. മധുരമുള്ള മരുന്നിനോട് പണ്ടേ കൊതിയാ. മധുരമുള്ള മരുന്നു കിട്ടാന്‍വേണ്ടി ചെറുപ്പത്തില്‍ ഓരോരോ കാരണം പറഞ്ഞ് നാട്ടിലെ ഹോമിയോ ഡിസ്പെന്‍സറിയില്‍ കറങ്ങി നടന്നത് ഓര്‍മവരുന്നു.

    ReplyDelete
  6. :) താങ്ക്സ്!!!

    ReplyDelete
  7. വന്നു വന്നു...... "വൈച്യോം" തുടങ്ങിയോ......... ഒരു പാട് പുതിയ 'പോടീ മരുന്നുകള്‍' കിട്ടി...... നന്ദി ട്ടോ.... വീട്ടില്‍ പറയാമല്ലോ....
    ഈ ലക്കത്തിനു "നാടന്‍ ചികിത്സകള്‍' എന്നായിരുന്നു ടൈറ്റില്‍ എങ്കില്‍ നന്നായേനെ എന്ന് തോന്നിപ്പോയി.... കളിയാക്കിയതല്ലട്ടോ... അത്രയ്ക്ക് നന്നായിരുന്നു പുതു മരുന്നുകളുടെ വിവരണങ്ങള്‍.

    ReplyDelete
  8. ..
    നിംബെഹുളിന്നാണൊ നാരങ്ങയ്ക്ക് നിംബു എന്ന് പേര്‍ വന്നത് ..
    ..
    ഇനിയും വരാം..
    ..

    ReplyDelete
  9. അമ്മായിയമ്മ സൂപ്പര്‍ വൈദ്യത്തി ആണല്ലോ ചേച്ചി ...!!
    എന്തായാലും ഈ നാട്ടറിവുകള്‍ നല്ലത് തന്നെ..!!

    ReplyDelete