Saturday, February 20, 2010

പച്ചക്കറി സംഭരണം ബനദകൊപ്പ സ്റ്റൈൽ

ബനദകൊപ്പ ഉയര്‍ന്ന പ്രദേശത്ത് ആയതു കൊണ്ട് തന്നെ അവിടെ തണുപ്പ് കൂടുതല്‍ ആണ്. കൂടുതൽ എന്നത് എന്റെ ഇരിങ്ങാലക്കുടയെ കമ്പയർ ചെയ്യുമ്പോളാട്ടോ...(എനിക്കറിയാവുന്ന സ്ഥലം വച്ചല്ലേ താരതമ്യം പറ്റൂ..കാശ്മീരിൽ ഞാൻ പോയിട്ടില്ല..... ) എന്തായാലും ഏപ്രിൽ മെയ് മാസങ്ങളിൽ പോലും വൈകീട്ട് അല്പം കുളിരൊക്കെ ഉണ്ടാവാറുണ്ട്.... ആ തണുപ്പു കാരണം അവിടെ ഫ്രിഡ്ജ് ഒരു അവശ്യവസ്തു അല്ല... പച്ചക്കറി ഒക്കെ ഫ്രഷ് ആയിത്തന്നെ ഇരുന്നോളും... പോരാത്തതിനു അവരുടെ ചില സ്പെഷ്യൽ സംഭരണ ടെക്നിക് ഒക്കെ ഉണ്ട്... വീടിനു നടുഭാഗത്തായി ‘നടുമന‘ എന്ന പേരിൽ (താഴെ നിലയിൽ) ഒരു മുറി ഉണ്ട്... അത് ഒരു ഇരുട്ടു മുറിയാണ്.. നട്ടുച്ചക്ക് പോലും ലൈറ്റ് ഇടാതെ ഒന്നും കാണില്ല... പ്രസവിച്ച് കിടക്കുന്നവർക്ക് ഉള്ള കട്ടിൽ ഒരു മൂലക്ക്... മറ്റേ മൂലയിൽ പലചരക്കു സാമഗ്രികൾ വക്കുന്ന പത്തായം പോലുള്ളവ... അതിനും അപ്പുറം ഒരു കൂരിരുട്ട് മുറിയുണ്ട്.... മണ്ണ് മെഴുകിയ നിലത്ത് കാൽ വക്കുമ്പോഴേ തണുക്കും.... അതിലാണ് പച്ചക്കറി-പഴവർഗങ്ങൾ ഒക്കെ വക്കുന്നത്... കേടുവരില്ല.. ഒരുതരം നാച്വറൽ ഫ്രിഡ്ജ്...

കല്യാണം കഴിഞ്ഞ ആദ്യ നാളുകൾ ഒന്നിൽ, സാധനങ്ങളുടെ പേരൊക്കെ പഠിച്ചു തുടങ്ങിയ കാ‍ലത്ത്... ഒരു ദിവസം അമ്മ എന്നോട് ചെറുനാരങ്ങ കൊണ്ടുവരാൻ പറഞ്ഞു.. ഞാൻ ഈ നടുമനയിൽ തപ്പലോട് തപ്പൽ.. കിട്ടീല്യ... അപ്പോ അമ്മ വിളിച്ചു.. ‘‘നയനാ...(അതാണ് അവിടത്തെ എന്റെ പേര്..) ..അല്ലി ല്ലെ..ബാമിയൊളഗെ നോഡു..’’...അവിടെയല്ല കിണറ്റിൽ നോക്കാൻ..!!!! ഞാൻ അന്തം വിട്ടുനിന്നു... എന്റെ കന്നട പരിജ്ഞാനത്തിന്റെ പരിമിതി ആവും എന്നാ ആദ്യം കരുതിയേ... എന്നാ അങ്ങനെയല്ല.. ശരിക്കും കിണറ്റിലാ നോക്കേണ്ടത്.. !! എന്റെ വാ പൊളിച്ചുള്ള നില്പു കണ്ട് പാവം തോന്നി നാത്തൂൻ പദ്മജ സഹായിച്ചു... കിണറ്റിനരികെ വന്ന് അതിലേക്ക് ഇട്ടിട്ടുള്ള ഒരു ചെറിയ കയർ വലിച്ചെടുത്തു.. അതിന്റെ അറ്റത്ത് ഒരു ചെറിയ സഞ്ചി... അതിലതാ ചെറുനാരങ്ങയും മല്ലിയിലയും ഒക്കെ വെരി മച്ച് ഫ്രഷ് ആയി ഇരിക്കുന്നു.!! ആ റ്റെക്നോളജിയെ ഞാൻ മനസാ നമിച്ചു...

Thursday, February 18, 2010

മലബാറി ...

കഴിഞ്ഞ കൊല്ലമാണ് ഞാന്‍ കുറച്ചു വിശേഷങ്ങള്‍ പറഞ്ഞു തുടങ്ങിയത്. പിന്നെ കമ്പ്യൂട്ടര്‍ ന്റെ കേടും എന്റെ മടിയും കൂടി ഇങ്ങനെ ആക്കി.. ഇനി വല്ലപ്പോഴും എഴുതും എന്ന് കരുതുന്നു..

നമ്മള്‍ മലയാളീസിനെക്കുറിച്ച് അവിടെ കേട്ട ചില കാര്യങ്ങള്‍ ആവാം ഇന്ന് അല്ലെ?

ഞങ്ങടെ കല്യാണം കഴിഞ്ഞ് ഏതു വീട്ടില്‍ വിരുന്നു പോയാലും ഒരു ചോദ്യം സ്ഥിരമായിരുന്നു. ''നിങ്ങള്‍ ശരിക്കും മലയാളി ആണോ '' എന്ന്... മലയാളി എന്നല്ല ''മലബാറി'' എന്നാണ് അവര്‍ പറയുക. അത് മൊത്തം മലയാളികളെ പറയുന്നതാണെന്ന് ഏട്ടന്‍ പറഞ്ഞു തന്നിരുന്നത് കൊണ്ട് പ്രശ്നം ഉണ്ടായില്ല.. മലയാളം എന്നതിന് മിക്കവാറും മലയാളി എന്ന് പറയുകയും ചെയ്യും.. '' അരവിന്ദാ നീ മലയാളി സംസാരിക്കുമോ ''(കന്നഡ എഴുതി പ്രശ്നം ആക്കണ്ട എന്ന് കരുതി തര്‍ജമ ചെയ്തതാ ).. എനിക്കതു കേട്ടാല്‍ കലിപ്പ് വരുമെങ്കിലും പുത്തന്‍ പെണ്ണ് അഹങ്കാരിയാണെന്ന് പറയിപ്പിക്കണ്ട എന്ന് കരുതി ക്ഷമിച്ചു....

പറഞ്ഞു വന്നത് ഇതൊന്നുമല്ല.. മലബാറിയെക്കുറിച്ചാണ് .. ഞാന്‍ തനി മലയാളി ആണെന്ന് പറഞ്ഞിട്ട് പലര്‍ക്കും വിശ്വാസം വരാത്ത പോലെ... ഒന്ന് രണ്ടിടത്ത് ഞാന്‍ സഹിച്ചു ..പിന്നെ ഏട്ടനെ സ്വൈര്യം കെടുത്തി.. അപ്പോഴല്ലേ മനസിലായത്... അവര്‍ക്ക് ഈ മലബാറി എന്നതിന് 'കള്ളന്‍ ' എന്നാണു പര്യായം...!! അതും നമ്മുടെ പഴയ സിനിമകളില്‍ കാണുന്ന കരിമുട്ടി കള്ളന്മാരും കള്ളികളും.. !!! അത് കേട്ടപ്പോള്‍ എനിക്കുറപ്പായി ഇത് നമ്മള്‍ അര്‍ഹിക്കുന്നത് തന്നെയാണെന്ന്.. ചിലപ്പോഴെങ്കിലും ചില തമിഴന്മാരെ നമ്മളില്‍ ചിലരെങ്കിലും 'പാണ്ടി ' എന്ന് വിളിക്കാറില്ലേ? അവര്‍ വരുന്നത് കക്കാനാണ് എന്ന് പറഞ്ഞു വഴക്ക് പറയാറില്ലേ? അതിന്റെ ന്യൂട്ടന്‍സ് തേര്‍ഡ് ലോ ഇഫെക്റ്റ് ആണെന്ന് സമാധാനിക്കാം...
(ഇതിനു വളംവച്ച് കൊടുത്തത് അവിടെ തോട്ടത്തില്‍ പണിയെടുക്കാന്‍ പോയ ചിലരാണെന്ന്പറയുന്നു..ഏക്കര്‍ കണക്കിന് തോട്ടം നോക്കാന്‍ എല്പിച്ചവരെ ചതിക്കുന്ന മലയാളി തൊഴിലാളികളും ഉണ്ടത്രേ...അവരാണ് നമുക്ക് ചീത്തപ്പേര് ഉണ്ടാക്കീത്‌ എന്നാ പറയുന്നേ..)

അപ്പൊ അവരുടെ ന്യായമായ സംശയം ഞാന്‍ ഒറിജിനല്‍ മലബാറി ആണോ എന്നതാണ്.. ഒടുവില്‍ വിരുന്നു പോക്കിന്റെ മുഖ്യ ഉദ്ദേശം മലയാളികളില്‍ ഡീസന്റ് പാര്ടീസും ഉണ്ടെന്നു തെളിയിക്കല്‍ ആയി... !!!
എന്നിട്ടും .. ഇപ്പോഴും ചില കല്യാണ വീടുകളില്‍ പുതുതായി പരിചയപ്പെടുന്ന ചില അമ്മായിമാര്‍ ''മലബാറി? കണ്ടാല്‍ തോന്നില്ലട്ടോ '' എന്ന് പറഞ്ഞു കളയും...!!