Monday, July 19, 2010

കാപ്പി അറ്റ് ബനദകൊപ്പ...

കുറെ നാളായി അല്ലേ കര്‍ണാടക വിശേഷങ്ങള്‍ ഒക്കെ പറഞ്ഞിട്ട്..?  എന്നാ വരൂ .. അല്പം കൊച്ചുവര്‍ത്തമാനം പറഞ്ഞിട്ട് പോകാം...
 ഒരു കാപ്പീം കുടിക്കാം... നല്ല കര്‍ണാടക കാപ്പി...  ഒന്നൂടെ കൃത്യമാക്കിയാല്‍ ബനദകൊപ്പ കാപ്പി... ഓ.. ഇതിലെന്താ ഇത്ര പുതുമ എന്നാണെങ്കില്‍ ഒന്നൂല്യ.. എന്നാ എനിക്കിത്തിരി പുതുമയൊക്കെ തോന്നീതാനും..  എന്നാപ്പിന്നെ നിങ്ങളോടൊക്കെ അതൊന്ന് പറഞ്ഞിരിക്കാം എന്നു വച്ചു... കാപ്പി ഇഷ്ടല്ല്യാത്തോര്‍ക്ക് ചായ ഇത്തിരി തരുംട്ടോ..

എനിക്ക് കാപ്പിയാണിഷ്ടം അന്നും ഇന്നും... ശ്വാസം മുട്ടിനു ഹോമിയോ മരുന്നു കഴിച്ചിരുന്ന കാലത്ത് നിരോധനം ഉണ്ടായിരുന്നോണ്ടാണാവോ? അല്ലെങ്കിലും അങ്ങനെയാണല്ലൊ, അരുത് എന്ന് പറയുന്നേനോട് തീര്‍ത്താ തീരാത്ത കൊതി..
അപ്പൊ പറഞ്ഞു വന്നത് എനിക്ക് പണ്ടേ കാപ്പിയാണിഷ്ടം.. കല്യാണം കഴിഞ്ഞ് ബനദകൊപ്പയില്‍ ചെല്ലുമ്പോള്‍ അവിടേം പൊതുവേ കാപ്പിയാണെന്നറിഞ്ഞ് ഞാന്‍ ഹാപ്പിയായി..ആദ്യത്തെ ദിവസങ്ങളിലൊന്നും കാപ്പിയുടെ പ്രത്യേകതകള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല.. മൊത്തത്തില്‍ പുതുമകളാണല്ലൊ..അതിന്റെ കൂട്ടത്തില്‍ ഇത് മുങ്ങിപ്പോയി..

പിന്നെ ശ്രദ്ധിക്കാനുള്ള കാരണം അവിടത്തെ- നിസ്സാരമെന്ന് അവര്‍ കരുതുന്ന- ഒരു കുഞ്ഞി ഫോര്‍മാലിറ്റിയാണ്.. അതായത്, നമ്മളിപ്പോ ചുമ്മാ നടക്കാനിറങ്ങുന്നു..പോകും വഴി കാണുന്ന ആള്‍ക്കാരോടൊക്കെ കുശലം പറച്ചിലുണ്ട്, വളരെ നല്ല കാര്യം.. ചെലപ്പോ അവര് നമ്മളെ വീട്ടിലേക്ക് ക്ഷണിക്കും, അതും കൊഴപ്പല്യ... ആദ്യത്തെ ഒന്ന് രണ്ട് കൊച്ചുവര്‍ത്താനങ്ങള്‍ക്ക് ശേഷം കോമണ്‍ ക്വസ്റ്റ്യന്‍.. “ ആശ്രിഗെ എന്ദ(ഏന്‍) മാഡലി?” കുടിക്കാന്‍ എന്താ വേണ്ടേന്ന്..

(ബാംഗ്ലൂരില്‍ താമസിച്ചതിന്റെ പേരില്‍ കന്നട പറഞ്ഞ് എന്നെ പേടിപ്പിക്കുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്.. ഈ ബ്ലോഗില്‍ കാണുന്ന കന്നട നിങ്ങള്‍ക്കറിയുന്നതുമായി വ്യത്യാസം കാണും.. ദിസ് ഈസ് ഹവ്യക കന്നട.. മൈന്‍ഡ് ഇറ്റ്.. എന്നെ ഓടിക്കരുത്)

ഈ ആശ്രിഗെ എന്ന സംഭവം കുടിക്കുക എന്നതിന്റെ നേര്‍ കന്നടയല്ല.. ആശ്രെയാത്തു എന്ന് പറഞ്ഞാല്‍ ദാഹിച്ചു എന്ന്.(ശ്രെ ആണോ ശ്രി ആണോ എന്ന് ഇപ്പോഴും ഉറപ്പില്ല)..... അപ്പോ ആശ്രിഗെ എന്നവന്‍ ദാഹം മാറ്റാന്‍ എന്തു വേണം എന്ന്...  ദാഹം ഉണ്ടാവണം എന്ന് നിര്‍ബന്ധമില്ല, ചോദ്യം അങ്ങനെയാണ്.... “കുഡിയക്കെ ഏന്‍ മാഡലി?” എന്നും ചോദിക്കാറുണ്ട്.. നമ്മളാണെങ്കില്‍ അപ്പോ വീട്ട്ന്ന് കാപ്പി കുടിച്ചിറങ്ങീട്ടല്ലേയുള്ളൂ.. ....ഏയ് ഒന്നും വേണ്ട എന്ന് പറയും..... ഉണ്ടാക്കാന്‍ പ്രയാസമില്ല എന്തു വേണമെന്ന് പറയൂ എന്ന് വീട്ടുകാര്‍.. ...വേണ്ടെന്നേ എന്ന് നമ്മള്‍..... ഇത്രയൊക്കെ ഇവിടെ എന്റെ വീട്ടിലും പതിവുണ്ട്....... അതിനു ശേഷമാണ് യഥാര്‍ത്ഥ നാടകം.. .....ആതിഥേയരുടെ നിര്‍ബന്ധവും നമ്മളുടെ നിരാസവും കട്ടക്ക് കട്ടക്ക് മുന്നേറും .. ....ഒടുവില്‍ നമ്മള്‍ കോംപ്രമൈസ് ചെയ്യും.. എന്നാപിന്നെ ‘ഒന്ദ് അര്‍ദ്ധ ലോട്ട കോഫി’ എന്ന്.. അവര്‍ സന്തോഷത്തോടെ കാപ്പിയുണ്ടാക്കി വരുന്നു, നമ്മള്‍ സന്തോഷത്തോടെ കുടിക്കുന്നു...  ദോഷം പറയരുതല്ലോ അര്‍ദ്ധലോട്ട എന്നു പറഞ്ഞാല്‍ ഏതാണ്ട് അര്‍ദ്ധലോട്ട തന്നെയേ തരൂ... പിന്നെന്താ ഇതിലിത്ര കുഴപ്പം? എന്തിനാ ഞാന്‍ നാടകം എന്ന് പറഞ്ഞേ ന്നാണോ? ആ.. അതല്ലേ രസം.. ഈ ചോദ്യോത്തര പംക്തി നമ്മള്‍ എത്ര വീട്ടില്‍ കേറുന്നോ അത്രേം വീട്ടില്‍ അരങ്ങേറും !! എല്ലാ സ്ഥലത്തുന്നും കുടിച്ചേ പറ്റൂ.. ദാ തൊട്ടപ്പറത്ത്ന്ന്  കുടിച്ചതാ, വയറ്റില്‍ തീരെ സ്ഥലല്യ, ഇതൊന്നും അവിടെ നടപ്പില്ല.. ഇനീപ്പോ കാപ്പീം ചായേം ഒന്നും കുടിക്കില്ല്യാന്ന് പറഞ്ഞ് രക്ഷപ്പെടാം ന്ന് വച്ചാലോ, അപ്പോ ദാ വരുന്നു ‘കഷായ’ എന്ന് പേരുള്ള ഒരൈറ്റം. പേര് കഷായമെന്നാണെങ്കിലും കയ്പല്ലാട്ടോ.. പാലുംവെള്ളത്തില്‍ അല്പം ചുക്കും ജീരകവും ടൈപ്പ് സാധനങ്ങള്‍ ഒക്കെ കലര്‍ത്തിയ ഒന്നാണ്.. മധുരം തന്നെ.. ചുക്കുകാപ്പിയില്‍ പാലൊഴിച്ച മോഡല്‍ ഒന്ന്.. വയറിന് ബെസ്റ്റാത്രെ... (വയറുണ്ടാവാനല്ല, ദഹനം ഇത്യാദി..)
അയ്യോ മറന്നു.. ഇതിനെ നാടകം എന്ന് ഞാന്‍ പറയാന്‍ കാരണം അതല്ല.. നമ്മളിപ്പോ നമ്മുടെ വീട്ട്ന്ന് കാപ്പി കുടിക്കാണ്ടാണ് ഇറങ്ങിയേ ന്ന് വക്കൂ.. ന്നാലും ചെല്ലുന്ന വീട്ടില്‍ അവര്‍ ചോദിക്കുമ്പോ കാപ്പി കുടിച്ചില്ലെന്നോ വേണമെന്നോ പറയാന്‍ പാടില്യ.. എന്താ ഉണ്ടാക്കണ്ടേ ന്ന് ചോദിച്ചാല്‍ ഒന്നും വേണ്ടെന്നേ പറയാവൂ.. അവര്‍ നിര്‍ബന്ധിച്ചാല്‍ മാത്രം അവര്‍ക്കു വേണ്ടി എന്ന മട്ടില്‍ കുടിക്കുക...ഇതേ കാര്യം ഊണിനും ബാധകമാകുന്നു.... ആനയെ തിന്നാനുള്ള വിശപ്പുണ്ടായാലും വേണ്ടാ വേണ്ടാ ന്നേ പറയാവൂ...

മറ്റൊന്ന്, അവര്‍ കാപ്പിയും ചിലപ്പോ എന്തെങ്കിലും പലഹാരവും ആയി വരുമ്പോ ‘ എന്തിനാ ഇത്രയും കഷ്ടപ്പെട്ടേ, ഇതൊന്നും വേണ്ടീരുന്നില്ലല്ലൊ’ എന്ന് പറയണം.. കഴിച്ചു കഴിഞ്ഞാല്‍ അഭിപ്രായം പറയണം.. ( നല്ലതാണെന്നല്ലാതെ പറയാന്‍ പറ്റുമോ?).. എനിക്കീ അഭിപ്രായം പറയല്‍ തീരെ പരിചയമില്ലാര്‍ന്നു.. ആദ്യമൊക്കെ അതോണ്ട് അല്പം അപകടം പറ്റീട്ടുണ്ട്.. ‘ഒന്നും ഇഷ്ടപ്പെട്ടുകാണില്ല അല്ലേ’ എന്ന ചോദ്യം കേള്‍ക്കുമ്പോഴാ ‘ നന്നായിട്ടുണ്ട്’ എന്ന് പറയാന്‍ ഓര്‍ക്കുക...ഇപ്പോ പഠിച്ചു...

അപ്പോ ഫോര്‍മാലിറ്റികളൊക്കെ പഠിച്ചല്ലോ? എന്നാ നമുക്കിനി ശരിക്കും കാപ്പി കുടിക്കാം...

പറഞ്ഞല്ലോ, അവിടെ അരഗ്ലാസ് കാപ്പി എന്ന് പറഞ്ഞാല്‍ അരഗ്ലാസ് തന്നെ തന്നോളും ന്ന്.. അത് നമ്മള്‍ പറഞ്ഞോണ്ടല്ല.. അവിടെ പൊതുവേ അളവ് കുറച്ചാ കുടിക്കുക... കാഫിലോട്ട എന്ന ഒരു തരം ഗ്ലാസ് തന്നെയുണ്ട്... നമ്മുടെ വലിയ ഗ്ലാസിന്റെ പകുതിയോളം മാത്രം വലുപ്പം.. ആ ഗ്ലാസില്‍ത്തന്നെ പകുതിയോ മുക്കാലോ ആണ് അവര്‍ സാധാരണ കുടിക്കാറ്.. ആദ്യമൊക്കെ എനിക്ക് ഇത് കുറച്ച് പോരായ്ക തോന്നിയിരുന്നു.. മനസില്‍.. എന്നാല്‍ അധികം കുടിക്കാം ന്ന് വച്ചാലോ പറ്റുന്നൂല്യ... കാരണം എന്താന്നറിയോ? അത് നല്ല വെട്ട്യാ മുറിയാത്ത കാപ്പിയാ.. പാലില്‍ നേരെ കട്ടിഡിക്കോഷന്‍ ഒഴിച്ച് ഉണ്ടാക്കുന്നത്.. വെറും പാലല്ല, എരുമപ്പാല്... എരുമപ്പാല് ഒടുക്കത്തെ കട്ടിയാ.. ഇരട്ടി വെള്ളം ഒഴിച്ചാലും ‘എന്നോടോ’ന്നും ചോദിച്ച് ഇരിക്കും... അതോണ്ട് അധികം കുടിക്കാന്‍ പറ്റില്യ.. ഞാനാണെങ്കി ഇവടെ ആകെ കിട്ടുന്ന, വെള്ളം ചേര്‍ത്ത, പശൂംപാലില് പിന്നേം വെള്ളം ചേര്‍ത്ത് തിളപ്പിച്ച്,  രണ്ടാമതും പറ്റിയാല്‍ മൂന്നാമതും വെള്ളമൊഴിച്ച ഡിക്കോഷനും കലര്‍ത്തി സൂപര്‍ലേഡി കാപ്പി ഒരു മുട്ടന്‍ ഗ്ലാസില്‍ കുടിക്കുന്നയാളും.. എനിക്കവിടത്തെ സിസ്റ്റം അഡ്ജസ്റ്റ് ആവാന്‍ ഇത്തിരി സമയം എടുത്തു.. ന്നാലും ഓക്കെ.. നല്ല സൂപ്പര്‍ കാപ്പിയല്ലേ...
(എന്ത് സൂപ്പര്‍ കാ‍പ്പി ആയാലും രണ്ട് വീട്ടില്‍ കൂടുതല്‍ കേറാന്‍ വയ്യാട്ടൊ...)

വെള്ളം ചേര്‍ത്തും കാപ്പി ഉണ്ടാക്കും.. അത് ബ്രേക്ഫാസ്റ്റ്, അല്ലെങ്കി വൈകീട്ട് പലഹാരം എന്നിവയുടെ കൂടെ...  വെള്ളം ചേര്‍ത്ത് അവിടെ ഉണ്ടാക്കുന്ന കാപ്പിയും നമ്മുടെ കാപ്പിയേക്കാള്‍ കട്ടിയാ.. എരുമപ്പാലിന്റെ ഗുണമേ........!!(ഈ കാപ്പിക്ക് തിണ്ടികാഫി എന്നാ പേര്.. തിണ്ടി എന്നാല്‍ ചെറുകിട ഭക്ഷണം... ബ്രേക്ഫാസ്റ്റ്, ഈവനിംഗ് സ്നാക്സ് ഒക്കെ പെടും..)


ആ.. ചായക്കാരൊന്നും പിണങ്ങണ്ട... ലേശം ചായേം ഉണ്ട്... പക്ഷേ സത്യം പറയാലോ അവര്‍ക്ക് ചായേണ്ടാക്കാന്‍ അറിഞ്ഞൂടാന്നാണ് എന്റെ വിദഗ്ദ്ധാഭിപ്രായം.. ഇത് ആ വീട്ടിലെ (അല്പസ്വല്പം ബന്ധുവീടുകളിലേം) കാര്യം മാത്രാണ് ട്ടോ.. കര്‍ണാടകയെ മൊത്തം അപമാനിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല..(ഇതിന്റെ അര്‍ഥം ബനദകൊപ്പക്കാരെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെന്നല്ല..ഹൊ!ദുഷ്ടത്തരമേ ചിന്തിക്കൂ ല്ലേ?)
. ചായ ണ്ടാകാന്‍ അറിഞ്ഞൂടാന്ന് പറയാന്‍ കാരണം ഒരു പക്ഷേ ഞാനതിനെ ഇവിടത്തെ മേയ്ക്കിംഗുമായി തട്ടിച്ചു നോക്കുന്നോണ്ടാവും ട്ടോ.. അവിടെയാണ്ച്ചാ പണിക്കുവരുന്ന ആള്‍ക്കാര് മാത്രാ ചായ കുടിക്കുക.. അവര്‍ക്കുള്ളതല്ലേ എന്ന അലംഭാവം കുറച്ചൊക്കെ ഇല്ലേന്നൊരു സംശയം.. പിന്നെ ഉണ്ടാക്കുന്നയാള്‍ക്ക് ചായ പ്രിയമല്ലാത്തതിനാല്‍ അതിന്റെ ടേസ്റ്റിനെപ്പറ്റി ഒരു ധാരണേം ഇല്യ...  കുറേ വെള്ളോം പൊടീം ഇട്ട് തിളപ്പിക്കും...പൊടി എന്നു പറഞ്ഞാ കുറച്ചൊന്നുമല്ല...മാത്രോമല്ല കുറേ നേരം തിളപ്പിക്ക്യേം ചെയ്യും.. ചായ ഇങ്ങനെ ചൊക ചൊകാന്ന് ഇരിക്കണം.. പൊടീടെ ചവര്‍പ്പും വരും...പാലും പഞ്ചസാരയും ഇടും ട്ടോ.. കട്ടന്‍കാപ്പി,കട്ടന്‍ചായ ഇതൊന്നും കേട്ടിട്ടും കൂടി ഇല്യ അവടെ...

അപ്പോ അങ്ങനെ..കാപ്പീം കുടിച്ചു ചായേം കുടിച്ചു.... ഇനി?

കാപ്പിയുമായി ബന്ധപ്പെട്ട ഒന്നുരണ്ട് അനുഭവങ്ങള്‍ കൂടി ആവാം ല്ലേ?

ഒന്ന്, അച്ചൂന്റെ ഒന്നാം പിറന്നാളിനോട് അനുബന്ധിച്ചുണ്ടായതാ...അവന്റെ പിറന്നാള്‍ അവിടെ വച്ചായിരുന്നു.. എന്തോ പൂജയൊക്കെ ഉണ്ടാ‍ര്‍ന്നു...ഇവടന്ന് ബന്ധുക്കള്‍ കുറച്ചു പേര് വന്നിരുന്നു..ഒരു പത്തിരുപത്തിനാലു പേര്‍.. .. അവര്‍ക്ക് ഈ കുഞ്ഞിലോട്ട കാപ്പി തീരെ പോരാതെ വന്നു... ചിലര്‍ക്കൊക്കെ രാവിലെ ഒരു മൊന്ത കാപ്പി കുടിച്ചാലേ അത്യാവശ്യസംഭവങ്ങള്‍ ഒക്കെ നടക്കൂ.. അപ്പോ അവര്‍ ഈ കുഞ്ഞിക്കാപ്പികൊണ്ട് എന്തു ചെയ്യാനാ? നാച്വറലി അവര്‍ എന്നെ ആശ്രയിക്കും.. ഞാന്‍ ഒരു ട്രിപ് കാപ്പി കൂടി എത്തിക്കും.. പിറന്നാള്‍ ദിവസം അവിടത്തെ ബന്ധുക്കള്‍ കൂടി വന്നിരുന്നു.. എനിക്ക് പൂജേടേം മറ്റും തിരക്കുള്ളതിനാല്‍(എന്നു വച്ചാല്‍ ഒന്നും മനസിലാവാതെ ചുമ്മാതിരിക്കല്‍) എന്റെ ബന്ധുക്കളുടെ കാര്യം നോക്കാന്‍ ഞാന്‍ പേരക്കുട്ടിസ്ഥാനത്തുള്ള മഹേഷിനെ ഏല്‍പ്പിച്ചു..(എന്റെ പ്രായമാണ് മഹേഷിന്.. പക്ഷേ,ഏട്ടന്റെ മൂത്ത ചേച്ചീടെ പേരക്കുട്ടിയാണ്.. അപ്പോ സ്ഥാനം കൊണ്ട് ഞാന്‍ അവന് മുത്തശ്ശി !!) മഹേഷ് എപ്പോ കാപ്പി കൊണ്ടുവന്നാലും നമ്മുടെ ആള്‍ക്കാര്‍ വാങ്ങിക്കുടിക്കും.. കുറച്ചുകഴിഞ്ഞപ്പോ മഹേഷ് എന്റെടുത്തുവന്ന് പറഞ്ഞു “നിങ്ങടെ ആള്‍ക്കാര്‍ക്ക് നാളെ മൂത്രമൊഴിക്കാന്‍ പറ്റില്ലാട്ടോ.. ഉരിമൂത്രം തുടങ്ങും” എന്ന്.. ഉരിമൂത്രം എന്നത് ഒരു തരം യൂറിനറി ഇന്‍ഫെക്ഷനാണ്.. ഉരി എന്നാല്‍ നീറല്‍, വേദന എന്നൊക്കെയാണ് അര്‍ഥം... ഇങ്ങനെ പറയാന്‍ കാരണം കാപ്പി ചൂടാണ് എന്നാണ് അവരുടെ വിശ്വാസം എന്നതാ.... ചായ തണുപ്പ്.. എന്തടിസ്ഥാനത്തിലാന്നറിയില്ല ഈ പറച്ചില്‍.. എന്തായാലും കാപ്പികുടി പരിഹസിക്കാനുള്ള വകുപ്പായി മാറും എന്ന് ഉറപ്പായപ്പോ ഞാന്‍ മഹേഷിനോട് പറഞ്ഞു “എന്റെ ആള്‍ക്കാര്‍ നിങ്ങളെ കളിയാക്കുന്നു, ആകെക്കൂടി ഇത്തിരിയുള്ള ഗ്ലാസിലാ കാപ്പി കൊണ്ടുവരുന്നേ, അതും പകുതിയേ തരുന്നുള്ളൂ എന്ന്”.... മഹേഷ് ചിരിച്ചോണ്ട് വീണ്ടും കാപ്പിയെടുക്കാന്‍ പോയി...

അടുത്തത് ഒരു തരം കാര്‍ട്ടൂണ്‍ മോഡല്‍ സംഭവമാ.. ഏതാണ്ടിതുപോലൊന്ന് വേറൊരു ബ്ലോഗറും എഴുതിക്കണ്ടു..ഓര്‍മക്കേടിനു മാപ്പ്..
ഞങ്ങള്‍-എന്ന് വച്ചാല്‍ ഞാനും ഏട്ടനും ഒരിക്കല്‍ ബനദകൊപ്പയില്‍നിന്ന് ബാംഗ്ലൂര്‍ക്ക് പോവുകയാര്‍ന്നു.. അന്ന് പാപ്പുപോലും ജനിച്ചിട്ടില്ല.. അപ്പോ കല്യാണം കഴിഞ്ഞ ആദ്യ കൊല്ലം.... ബാംഗ്ലൂര്‍-സാഗര ബസ് ചായ, ഊണ് തുടങ്ങിയവക്കൊക്കെ സ്ഥിരം സ്ഥലങ്ങളിലാ നിര്‍ത്തുക..(അതിപ്പൊ ഏത് ലോംഗ് റൂട്ട് ബസും അങ്ങനെതന്നെ ആവും ല്ലേ?) അങ്ങനെ ഞങ്ങള്‍ പൊയ്ക്കൊണ്ടിരുന്ന ബസ് ചായ, കാപ്പി ആദിയായവക്കു നിര്‍ത്തിയപ്പോ ഏട്ടന്‍ പറഞ്ഞു “ദാ, ഈ ഹോട്ടലിലെ സപ്ലൈ ശ്രദ്ധിച്ചോട്ടോ”ന്ന്.. ഒരു വാണിംഗും.. ‘കാപ്പി കുടിക്കുമ്പോ ഗ്ലാസ് വായ്ക്കുള്ളില്‍ പോകാതെ നോക്കണം’ന്ന് .. കൂട്ടിപ്പറഞ്ഞതാവുംന്നാ ഞാന്‍ കരുതിയേ.. ഏയ്. ഒട്ടും അല്ല !! ശരിക്കും അത്ര ചെറിയ ഗ്ലാസ്.. ഒരു കവിള്‍ കാപ്പിയില്‍ കൂടുതല്‍ കൊള്ളില്ല, തീര്‍ച്ച... !!
അതിനേക്കാല്‍ രസകരമായത് സപ്ലൈ തന്നെ.. ഒരാള്‍ വന്ന് ഓര്‍ഡറെടുത്തു.. ‘എരഡുകോഫി’ ..തിരിഞ്ഞു നടക്കുമ്പോ അകത്തേക്ക് വിളിച്ചുപറഞ്ഞു..’എരഡു കോഫീ....’എന്നിട്ട് കൂളായി അകത്തേക്കുപോയി കാപ്പി ഉണ്ടാക്കി കൊണ്ടുവന്നു ...! അതേന്നേ.. അയാള്‍ തന്നെ... ..
കഴിഞ്ഞില്ല... കാപ്പികുടി കഴിഞ്ഞപ്പോ പൈസ കൊടുക്കാന്‍ കൌണ്ടറിലും ഇയാള്‍ തന്നെ !! എന്തോ ഭാഗ്യത്തിന് കൌണ്ടറിലേക്ക് നോക്കി “എരഡു കോഫി, ഹത്തുറുപ്പായ്” എന്നു പറഞ്ഞില്ല..!!

ശ്ശോ.. കാപ്പി കുടിച്ചിരുന്ന് നേരം പോയി.. പിള്ളേര് സ്കൂളീന്ന് വരാറായി.. എന്നാ ഞാനങ്ങോട്ട്..?