Wednesday, September 1, 2010

ആരാമാ....?

‘ആരാമാ’ എന്ന് കേട്ടാൽ എന്താ തോന്നുക? ഇതിന് രാമനുമായോ അമ്മയുമായോ ഒരു ബന്ധോല്യ.. ആദ്യം കേട്ടപ്പൊ ‘ആരാ’ ന്ന്ള്ളേന്റെ കന്നടയാവുംന്നാ വിചാരിച്ചേ... പിന്നെയാ മനസിലായേ ‘സുഖാണോ’ ന്നാ ചോദിക്കണേ ന്ന്.. ആരാം ന്ന് ഹിന്ദി കേട്ടട്ട്ണ്ടാവൂലോ.. അതന്നെ സംഭവം...  എന്താ കാര്യം ന്ന് വച്ചാല്, അവിടത്തെ ഒരു പതിവാണ് ഇത്.. എനിക്കിനീം സാംഗത്യം പിടികിട്ടാത്ത പലതരം ഫോർമാലിറ്റികളിൽ ഒന്ന്... എന്താ ഇതിനു കൊഴപ്പം ന്നാണോ? കൊഴപ്പൊന്നൂല്യ.. ന്നാലും എന്തോ ഒരു ഒരിത്.....
കാര്യെന്താന്ന് വച്ചാല്, അവിടെ നമ്മൾ കണ്ടുമുട്ടുമ്പോ ആദ്യം തന്നെ ‘ആരാമാ’ എന്ന് ചോദിക്കും.. അല്ല, ചോദിക്കണം... ‘അതെ, സുഖാണ്‘ എന്ന് മറുപടി കിട്ടാം.. പക്ഷേ, മിക്കവാറും തിരിച്ചൊരു ‘ആരാമാ’ ആണ് മറുപടിയായി കിട്ടാറ്.. ഇംഗ്ലീഷിലെ ‘ഹൌ ഡു യു ഡൂ’ വിനു തിരിച്ചും ‘ഹൌ ഡു യു ഡൂ’ തന്നെയാണല്ലൊ മറുപടി.. അതുപോലെയാ.....
അതിനിപ്പോ എന്താ ന്ന് ചോദിച്ചാൽ ഞാനെന്താ പറയാ? നമ്മളിപ്പൊ ഒരാളെ കണ്ടുമുട്ടുന്നു.. സ്വാഭാവികായും പല വർത്താനങ്ങൾക്കെടേല് ‘സുഖാണോ’ന്നും ചോദിച്ചേക്കാം... അതല്ലാതെ കാണുമ്പോ ‘സുഖാണൊ’ ന്ന് ചോദിച്ചേ പറ്റൂ എന്നൊക്കെ പറഞ്ഞാലോ? ആ.. അതുതന്നെ.. ചോദിച്ചേ പറ്റൂ എന്ന്‌ള്ള ഫോർമാലിറ്റിചോദ്യങ്ങളോട് എനിക്ക് പണ്ടേ അലർജിയാ.. ബനദകൊപ്പേലാണെങ്കിൽ (ഞാനറിഞ്ഞിടത്തോളം മൊത്തം കർണാടകേലും) ഇത്തരം ഫോർമാലിറ്റികൾടെ അയ്യരുകളിയാ...
സംഭവം ബോറാണെന്ന് എപ്പഴാ തോന്നുകാ ന്ന് വച്ചാൽ, നമ്മളിപ്പോ ഒരു വീട്ടിലേക്ക് കയറിച്ചെല്ലുന്നൂന്ന് വക്കൂ.. അവിടെയുള്ളവർ സ്വീകരിക്കാൻ വരുന്നു (താലം പിടിക്കുന്ന കാര്യൊന്ന്വല്ല പറഞ്ഞേ ട്ടോ.. ചുമ്മാ ‘ആ,വരൂ വരൂ’ എന്ന മുഖഭാവത്തോടെ വരില്ലേ, അത്..) .. ആതിഥേയർ(വാക്ക് കറക്റ്റല്ലേ?) നമ്മളോട് ‘ആരാമാ?’, ‘ആരാമിദ്യാ?’, ‘ചെന്നാഗിദ്യാ?’ ഇതിലേതെങ്കിലും ഒക്കെ ചോദിക്കും.. ഒക്കെ ഒന്നന്നെ.. അപ്പോ റിപ്ലൈ കൊടുത്തേക്കുക..
അതിനെന്താ പ്രശ്നം? ഏയ്.. ഒരു പ്രശ്നോല്യ.. ഇത് ഒരാളാണ് ചോദിക്കണേന്ന് ച്ചാൽ..
വഴിക്കു വഴി എല്ലാരും ഇതന്നെ ചോദിച്ചാൽ എങ്ങനെണ്ടാവും? ആ.. അതുതന്നെയാ ഞാനും പറഞ്ഞേ...
ഇതിപ്പോ ചുമ്മാ ഫോർമാലിറ്റിയല്ലേ, അത്ര വിഷമമൊന്നുമുള്ള കാര്യല്ലല്ലോ പറഞ്ഞുപോട്ടെ എന്നാണോ? അങ്ങനേം കരുതാം.. പക്ഷേ, ഈ ആരാമാ ചോദിച്ചില്ല എന്നതിനാൽ അത് ഇൻ‌സൽറ്റ് ആയി കണക്കാക്കുമ്പോഴോ? അവിടെയാണ് എനിക്ക് വിഷയം.. ഒരു 10-12 വയസ് കഴിഞ്ഞ കുട്ടികളെക്കൊണ്ട് നിർബന്ധമായി ഇത് ചോദിപ്പിക്കും.. അത് കണ്ട് ഒരിക്കൽ ഞാൻ ഏടത്തിയമ്മയോട് ചോദിച്ചു, എന്തിനാ ഇങ്ങനെ ബലം പിടിക്കുന്നേ ന്ന്.. അപ്പോ അവര് പറഞ്ഞത്, ‘ആ കുട്ടിയെ ആരാമാ എന്ന് ചോദിക്കാൻ പോലും പഠിപ്പിച്ചില്ല’ എന്ന് പരാതി കേൾക്കേണ്ടിവരും എന്നാണ്..
വന്നുകയറുമ്പോഴത്തെ പോലെ തന്നെ പോകുമ്പോഴും ഉണ്ട് റെക്കോഡഡ് വാക്കുകൾ.. വീട്ടുകാർ ‘ഇനിയും വരണം’ എന്നത് ഗ്രേഡനുസരിച്ച് പറയും.. (നല്ല അടുപ്പമുള്ളയാളാണെങ്കിൽ ‘ഇനീം വരൂ, വീട്ടുകാരേം കൊണ്ടു വരൂ‘ etc., അടുപ്പം അല്പം കുറഞ്ഞാൽ ‘ഇനിയും വരൂ‘ എന്ന് അത്ര ബലം കൊടുക്കാതെ പറയും.. വലിയ താല്പര്യമൊന്നുമില്ലാത്തയാളാണെങ്കിൽ ‘പോയി വരൂ‘ എന്ന് ഒരൊഴുക്കൻ മട്ടിലങ്ങ് പറയും..(ഹോഗി ബന്നി).. പറഞ്ഞില്ലെന്ന് കം‌പ്ലെയ്ന്റ് വരരുതല്ലോ..)
അപ്പോ നമ്മളും കുറയ്ക്കാൻ പാടില്ലല്ലോ..  ‘ഒരു ദിവസം ഞങ്ങളുടെ വീട്ടിലേക്ക് വരൂ’ എന്ന് ക്ഷണിക്കണം.. ‘ആരാമാ‘ പോലെ ഇതിന്റെ ഒരു നോർമൽ വേർഷൻ ‘ബന്നി നമ്മനിഗെ’ എന്നതാ.. ഇതും ഗ്രേഡനുസരിച്ച് തന്നെ..  (ഒരു വീ‍ട്ടിൽ ചെന്നപ്പോ അവിടത്തെ വീട്ടുകാരി തന്റെ നാത്തൂനെക്കുറിച്ച് പരാതി പറഞ്ഞത് ‘അവര് പോകാൻ നേരം ‘ബന്നി ക്കാ..(വരൂട്ടോ)’ എന്ന് ചുമ്മാ അങ്ങ് പറഞ്ഞ് പോയി’ എന്നാണ്.....)

കല്യാണം കഴിഞ്ഞ ആദ്യനാളുകളിൽ ഒന്നിൽ എനിക്ക് അമ്പരപ്പുണ്ടാക്കിയ ഒരു സംഭവം പറയാം.. ഏട്ടന്റെ മൂത്ത പെങ്ങളെ തൊട്ടടുത്ത ഗ്രാമത്തിലേക്കാ കല്യാണം കഴിച്ചിരിക്കുന്നേ..(മലളഗദ്ദെ എന്ന് പേര്-മളഗദ്ദെ എന്ന് കൊളോക്യൽ) .. (ഫോർ യുവർ ഇൻഫോർമേഷൻ-ഈ പെങ്ങളുടെ മൂത്തമോള് എന്റെ പ്രായക്കാരിയാ...അതെങ്ങനെണ്ട്?).. അടുത്ത ഗ്രാമംഎന്ന് പറഞ്ഞാൽ മനസുവച്ചാൽ നടന്ന് പോകാവുന്ന ദൂരമേയുള്ളൂ..(ഞാൻ നടന്നിട്ടുണ്ടേ..).. എന്തായാലും ആ പെങ്ങളും ഭർത്താവും കൂടി ഒരു ദിവസം വീട്ടിൽ വന്നു.. അവരുടെ സ്കൂട്ടറിൽ.... അവര് വന്ന് കേറി, പതിവുപോലെ ഏടത്തിയമ്മമാർ ഉമ്മറത്തേക്ക് ചെന്ന് ‘ആരാമാ’ചോദിച്ചു രണ്ടാളോടും.. ഭർത്താവിനെ ഉമ്മറത്ത് അളിയൻ‌മാരോട് സംസാരിക്കാൻ വിട്ട് ചേച്ചി അകത്തുവന്നു.. അപ്പോഴാണ് അപ്പുറത്തെങ്ങോ ആയിരുന്ന അമ്മ അങ്ങോട്ട് വരുന്നത്.. അമ്മേടെ വകേം സെയിം ക്വസ്റ്റ്യൻ.. ‘ഏനേ സുവർണാ, ആരാമിദിയാ?’ (സുവർണ എന്നത് ചേച്ചീടെ പേര്.. ഏനേ എന്ന് വച്ചാൽ എന്താ ന്ന്).. അമ്മ മകളോടും ഇത്തരം ഫോർമാലിറ്റി കാണിക്കണോ എന്ന് ഞാൻ സംശയിച്ചു നിൽക്കുമ്പോ വീണ്ടും ... ‘സുവർണ,വരൂ, ഇരിക്കൂ, ചായയോ കാപ്പിയോ എന്താ ഉണ്ടാക്കണ്ടേ?’... (ഇനിയിപ്പോ മകളെന്ന് പറഞ്ഞാ അകന്ന ബന്ധം വല്ലോം ആണോ?)....തീർന്നില്ല..... ‘യാത്രയൊക്കെ സുഖമായിരുന്നോ, ക്ഷീണിച്ചോ’ എന്ന്..( പിന്നേ.. അവര് അമേരിക്കേന്ന് വരുവല്ലേ?..).. ഈ സംഭവം ഞാൻ ഇവിടെ വന്ന് എന്റെ അമ്മയോട് പറഞ്ഞു.. കൂട്ടത്തിൽ ഒരു വാണിംഗും കൊടുത്തു.. ‘എന്നോടെങ്ങാനും ഇങ്ങനെ പറഞ്ഞാ പിന്നെ ഞാൻ ഈ വീട്ടിലേക്ക് വരില്ലാ’ന്ന്... അല്ല പിന്നെ..!

ഫോർമാലിറ്റികൾ ആവശ്യമാണെന്ന നിലപാടാണ് അവിടെ പൊതുവേ എല്ലാർക്കും..  നമ്മുടെ നാട്ടിലും കാണുമായിരിക്കും ല്ലേ കുറെയൊക്കെ? എന്തോ, എനിക്കതിന്റെയൊന്നും ആവശ്യം മനസിലായിട്ടില്ല ഇനിയും.. വാക്കുകൾ വായിൽനിന്നല്ല, മനസിൽനിന്നു വരുന്നതാവണം..(എന്ന് ഞാൻ കരുതുന്നു)


പിന്‍കുറിപ്പ് അഥവാ ഡിസ്ക്ലെയ്മര്‍

വായില്‍ത്തോന്നീത് ചറപറ എഴുതിക്കഴിഞ്ഞു വായിച്ചുനോക്കീപ്പോ ഞാന്‍ അല്പം കുറ്റംപറച്ചിലിന്റെ ലെവലിലാണോ പോണേന്നൊരു ഡൌട്ടിംഗ്സ്.... അതോണ്ട് ഒരു മുൻ‌കൂർ ജാമ്യം എടുത്തേക്കാം ന്ന് വച്ചു..

ഇവിടെ എല്ലാ പോസ്റ്റുകളിലും പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എനിക്ക് വ്യക്തിപരമായി തോന്നിയവയാണ്. ഈ  നാടും ആ നാടും തമ്മിലുള്ള സാംസ്കാരികമായ വ്യത്യാസം കൊണ്ടാണ് ഇതു  തിരിച്ചറിയാന്‍ പറ്റുന്നത്. ഇവിടെപറഞ്ഞതെല്ലാം അവിടങ്ങളില്‍ വളരെ സ്വാഭാവികമായ കാര്യങ്ങളാണ്. അവരുടെ സംസ്കാരത്തിന്റെ ഭാഗമായ കാര്യങ്ങളെ കളിയാക്കുകയോ കുറ്റപ്പെടുത്തുകയോ എന്റെ ഉദ്ദേശ്യമേയല്ല. ചില കാര്യങ്ങളോടെങ്കിലും  ഒരളവുവരെ ബഹുമാനമുണ്ടുതാനും.

പിന്നേ............ എന്റെ കെട്ട്യോന്റെ നാടാ..... ഈ ഗ്യാപ്പില്‍ കുറ്റം പറയാന്‍ വാ.... ഞാന്‍ സമ്മതിച്ചതുതന്നെ...

അപ്പോ....... പറഞ്ഞപോലെ.....
പിന്നെക്കാണാം